എറണാകുളം: ഹരിത തിരഞ്ഞടുപ്പിനോടനുബന്ധിച്ച് എറണാകുളം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഹരിത ഓട്ടൻതുള്ളൽ സംഘടിപ്പിച്ചു. കാക്കനാട് സിവിൽ സ്റ്റേഷനിൽ നിന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് ഫ്ലാഗ് ഓഫ് ചെയ്ത പരിപാടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറി.
ഹരിത സന്ദേശങ്ങൾ ഉൾക്കൊണ്ട് കൊണ്ടുള്ള ഓട്ടൻ തുള്ളൽ പ്രമുഖ തുള്ളൽ കലാകാരനും കേന്ദ്ര സർക്കാരിന്റെ തിയ്യറ്റർ ആർട്സ് നാഷണൽ കൾച്ചറൽ സ്കോളർഷിപ് ജേതാവുമായ പറവൂർ അരുൺകുമാറാണ് അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ബൂത്തുകളിൽ പാലിക്കേണ്ട നിർദ്ദേശങ്ങളും പ്ലാസ്റ്റിക്, ഫ്ളക്സ് എന്നിവ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും തുള്ളലിലൂടെ അവതരിപ്പിച്ചു.
തിരഞ്ഞെടുപ്പ് നടത്തിപ്പ് ഹരിത പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കണം എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ ജില്ലാ ശുചിത്വ മിഷനും ഹരിത കേരളം മിഷനും നടപ്പിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഓഫീസർമാരും സ്ഥാനാർത്ഥികൾക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ഹരിത പെരുമാറ്റ ചട്ടത്തെക്കുറിച്ചു ക്ലാസ് എടുക്കുകയും കൈ പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ജില്ലയിലെ എല്ലാ ബൂത്തുകളിലും ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ടായിരിക്കണമെന്നും , അതിൽ ഒരു സെന്റർ ഹരിത മാതൃക ബൂത്ത് ആയിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട് . ഇതിനായി എൻഎസ് എസ്, എൻവൈകെ, കുടുംബശ്രീ, ഹരിത കർമ്മ സേന തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.