എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ ജില്ലയില്‍ അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ് ഹാളിനു സമീപം സൂക്ഷിച്ചിരുന്ന പോളിംഗ് സാമഗ്രികള്‍ അതാത് ബ്ലോക്ക്, നഗരസഭ, കോര്പ്പറേഷന് ഇ.ആര്.ഒമാര്‍ക്ക് കൈമാറി. ഇവ ഡിസംബര്‍ 9 ന് അതാത് വിതരണ കേന്ദ്രങ്ങളില്‍ നിന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും. സ്റ്റേഷനറി വസ്തുക്കള്‍, സീലുകള്‍, സ്റ്റാറ്റിയൂട്ടറി ഫോമുകള്‍, നോണ്‍ സ്റ്റാറ്റിയൂട്ടറി ഫോമുകള്‍ തുടങ്ങിയ സാമഗ്രികളാണ് ഇ.ആര്.ഒമാര്‍ ബ്ലോക്ക്, നഗരസഭ, കോര്പ്പറേഷന് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നത്. സിവില്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ സാമഗ്രികളും ജില്ലയിലെ വിവിധ വിതരണ കേന്ദ്രങ്ങളിലേക്ക് നീക്കിക്കഴിഞ്ഞിട്ടുണ്ട്. മാസ്ക്, സാനിറ്റൈസര്‍, ഫേസ് ഷീല്‍ഡ് തുടങ്ങിയ കോവിഡ് പ്രതിരോധ സാമഗ്രികള്‍ നേരത്തേ കൈമാറിയിരുന്നു. വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഇവയും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും.
