തൃശൂര്‍: സി പി എം അംഗം ഷീജ പ്രശാന്ത് ചാവക്കാട് നഗരസഭ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട്‌ 26 ആം വാർഡിൽ നിന്ന് വിജയിച്ചാണ് ഷീജ നഗരസഭയിൽ എത്തിയത്. യു ഡി എഫ് ചെയർപേഴ്‌സൺ സ്ഥാനാർഥിയായി ഷാഹിദ മുഹമ്മദാണ് എതിരെ മത്സരിച്ചത്. ഷീജ പ്രശാന്തിന് 23 വോട്ടും ഷാഹിദയ്ക്ക് 9 വോട്ടും ലഭിച്ചു. അഡ്വ മുഹമ്മദ് അൻവർ ഷീജാ പ്രശാന്തിന്റെ പേര് നിർദേശിച്ചു. പി കെ രാധാകൃഷ്ണൻ പിന്താങ്ങി. ജോയ്സിയാണ് ഷാഹിദാ മുഹമ്മദിന്റെ പേര് നിർദ്ദേശിച്ചത്. ബേബി ഫ്രാൻസിസ് പിന്താങ്ങി.നഗരസഭയിലെ 32 വാർഡുകളിൽ മത്സരിച്ചു ജയിച്ച എല്ലാവരും തിരഞ്ഞെടുപ്പിൽ പങ്കെടുത്തു വോട്ട് രേഖപ്പെടുത്തി. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ കൃപ ചെയർപേഴ്‌സൺ ഷീജ പ്രശാന്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്നു നടന്ന അനുമോദന യോഗത്തിൽ സിപിഎം ഏരിയ സെക്രട്ടറിയും മുൻ നഗരസഭ ചെയർമാനുമായ എൻ കെ അക്ബർ പുതിയ ചെയർപേഴ്സനെ പൂച്ചെണ്ട് നൽകി പൊന്നാട അണിയിച്ചു. ചടങ്ങിൽ പുതിയ ഭരണസമിതി അംഗങ്ങൾ, നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.