പാലക്കാട്:  സംസ്ഥാനത്തെ സര്ക്കാര് ഓഫീസുകളില് ഹരിതചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷന്, ശുചിത്വ മിഷന് എന്നിവയുടെ ആഭിമുഖ്യത്തില് ഹരിത ഓഡിറ്റിങ്ങിന് ജില്ലയില് തുടക്കമായി. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില് നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോള് നിര്വഹിച്ചു.
സര്ക്കാര് സ്ഥാപനങ്ങളില് ഹരിതചട്ടം നടപ്പിലാക്കുന്നതിനും നിലനിര്ത്തി പോകുന്നതിനും ജീവനക്കാരുടെ മുഴുവന് സഹകരണവും ഉണ്ടാകേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കൂടാതെ ഇത്തരമൊരു ഉദ്യമത്തിന് തുടക്കമിട്ട ഹരിത കേരളം മിഷനും സംസ്ഥാന സര്ക്കാരിന്റെ മറ്റു മിഷനുകളും കക്ഷിരാഷ്ട്രീയ ഭേദമന്യേ തുടര്ന്ന് പോകേണ്ടതുണ്ടെന്നും പ്രസിഡണ്ട് പറഞ്ഞു. ജോയിന്റ് രജിസ്ട്രാര് അനിത ടി ബാലന് അധ്യക്ഷയായി.
ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്ഡിനേറ്റര് വൈ. കല്യാണ കൃഷ്ണന്, സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ് വാസുദേവന് പിള്ള, ഹരിത കേരളം മിഷന് ഫാക്കല്റ്റി രാധാകൃഷ്ണന്, ശുചിത്വമിഷന് ജോയിന്റ് കോഡിനേറ്റര് സരിത തുടങ്ങിയവര് സംസാരിച്ചു.
ജില്ലയില് 1000 ഹരിത ഓഫീസ്
ജില്ലാ കലക്ടര് ഡി.ബാലമുരളിയുടെ അധ്യക്ഷതയില് നടന്ന വിവിധ വകുപ്പ് അധ്യക്ഷന്മാരുടെ ഏകോപന സമിതിയിലെ തീരുമാനപ്രകാരം ജില്ലയില് 1000 ഓഫീസുകളില് ഹരിതചട്ടം നടപ്പിലാക്കി ഗ്രീന് പ്രോട്ടോകോള് സര്ട്ടിഫിക്കറ്റ് നല്കും. സംസ്ഥാനത്ത് ആകെ 10000 ഓഫീസുകളിലാണ് ഹരിതചട്ടം നടപ്പിലാക്കാന് ലക്ഷ്യമിട്ടിരിക്കുന്നത്. ജില്ലാ, താലൂക്ക്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്തല ഓഫീസുകളില് ജനുവരി 18 നകം ഗ്രീന് പ്രോട്ടോക്കോള് നടപ്പിലാക്കാനാണ് തീരുമാനം. തുടര്ന്ന് മറ്റ് ഓഫീസുകളിലും ഗ്രീന് പ്രോട്ടോകോള് നടപ്പിലാക്കുന്നതിനുള്ള പ്രവര്ത്തനങ്ങള് നടക്കും. ഇതിനോടനുബന്ധിച്ച് ജില്ലയിലെ സര്ക്കാര് ഓഫീസുകളില് ഹരിത ഓഫീസ് പ്രഖ്യാപനത്തിനുള്ള മാനദണ്ഡപ്രകാരം മുണ്ടൂര് ഐ.ആര്.ടി.സി.യുടെ സഹകരണത്തോടെ പരിശോധന ആരംഭിച്ചു.
ആദ്യദിനം സിവില് സ്റ്റേഷനിലെ ഓഫീസുകളിലാണ് പരിശോധന നടത്തിയത്.’ ഓഫീസുകളില് ഗ്രീന് പ്രോട്ടോകോള് ഓഫീസറുടെ പ്രവര്ത്തനം, ഡിസ്‌പോസിബിള്, പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗ നിരോധനം, മാലിന്യം തരംതിരിച്ച് നിക്ഷേപിക്കല്, ഇ-മാലിന്യം, ഉപയോഗശൂന്യമായ ഫര്ണിച്ചര് എന്നിവ നീക്കം ചെയ്യല്, ദ്രവ മാലിന്യ സംസ്‌കരണ സംവിധാനം, പൊതു ശുചിത്വം, ജൈവ പച്ചക്കറി തോട്ടം, പൂന്തോട്ടം ഉള്പ്പെടെയുള്ളവ പരിശോധിച്ചാണ് ഗ്രേഡ് നല്കുന്നത്.
ഇതുപ്രകാരം 70 മാര്ക്കിന് മുകളില് ഗ്രേഡ് ലഭിക്കുന്ന ഓഫീസുകളില് ഹരിത ഓഫീസുകള് ആയി കണക്കാക്കുകയും ഗ്രേഡ് കുറവുള്ള ഓഫീസുകളില് 15 ദിവസത്തിനുള്ളില് ഗ്രീന് പ്രോട്ടോകോള് നടപ്പിലാക്കുകയും ചെയ്യുമെന്ന് ഹരിത കേരള മിഷന് ജില്ലാ കോ-ഓര്ഡിനേറ്റര് വൈ. കല്യാണ കൃഷ്ണന് അറിയിച്ചു.