ജില്ലയില്‍ ലോക മലമ്പനി ദിനം വിപുല പരിപാടികളോടെ ആഘോഷിച്ചു.  ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബോധവത്കരണ റാലി സിവില്‍ സ്റ്റേഷനില്‍  സബ് കളക്ടര്‍ ഡോ. എസ് ചിത്ര ഫ്‌ളാഗ്ഓഫ് ചെയ്തു.   വാടി ബീച്ചില്‍ അവസാനിച്ച റാലിയില്‍ ഗവ. നഴ്‌സിംഗ് കോളേജ്, ബെന്‍സിഗര്‍ നഴ്‌സിംഗ് കോളേജ്, നായേഴ്‌സ് ആശുപത്രി എന്നിവിടങ്ങളിലെ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ മലമ്പനി ബോധവത്കരണ പ്രദര്‍ശനം, ലഘുലേഖ വിതരണം, രക്തപരിശോധന എന്നിവയും നടത്തി. ‘തയ്യാറാകാം മലമ്പനിയെ തുരത്താം’ എന്ന സന്ദേശവുമായി   കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.
ജില്ലയുടെ കടലോര മേഖലയില്‍ രോഗം റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കൊതുക് പെരുകുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. ആര്‍ . ജയശങ്കര്‍ അറിയിച്ചു.