എറണാകുളം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തികൾ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം അധിഷ്ഠിത സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. സ്മാർട്ട് ഫോൺ വഴിയാണ് വിവരശേഖരണം നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ 54 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികൾക്കും ബ്ലോക്ക് തലത്തിൽ ഇതിനുള്ള പരിശീലനം നൽകും. തൊഴിലുറപ്പ് പദ്ധതിയിൽ അടുത്ത മൂന്ന് വർഷക്കാലത്തേക്ക് പൊതുഭൂമി അല്ലെങ്കിൽ സ്വകാര്യ ഭൂമി കളിൽ ഏറ്റെടുക്കേണ്ട മുഴുവൻ പ്രവൃത്തികളെ സംബന്ധിച്ച വിവരങ്ങൾ സ്മാർട്ട് ഫോണിൽ ശേഖരിച്ച് ജി.ഐ.എ ന് ഫ്ലാറ്റ് ഫോമിലേക്ക് അപ് ലോഡ് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ള എന്യൂമറേറ്റർമാർ മൊബൈൽ ആപ്പിൻ്റെ സഹായത്തോടെ ഫീൽഡ് തലത്തിൽ വിവരശേഖരണം നടത്തും. ഇത് ഉപയോഗപ്പെടുത്തി വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കുന്നതിന് സംസ്ഥാന ഭൂവിനിയോഗ ബോർഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
എന്യൂമറ്റേർമാർ ഗ്രാമപഞ്ചായത്തിലെ ഓരോ വീടും സന്ദർശിച്ച് സ്വകാര്യ ഭൂമിയിൽ ഏറ്റെടുക്കാവുന്ന ഫാം പോണ്ട്, തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട്, കിണർ, കമ്പോസ്റ്റ് പിറ്റ്, സോക്പിറ്റ്, അസോള ടാങ്ക് ,ഭൂവികസന പ്രവൃത്തികൾ തുടങ്ങി പദ്ധതിയിൽ ഏറ്റെടുക്കാവുന്ന മുഴുവൻ പ്രവൃത്തികളുടെയും വിവരങ്ങളാണ് മൊബൈൽ ഫോണിലൂടെ ശേഖരിക്കുന്നത്. കൂടാതെ പൊതുകുളങ്ങൾ, പൊതു നീർച്ചാലുകളുടെ നിർമ്മാണം തുടങ്ങി പൊതു ഭൂമിയിൽ ഏറ്റെടുക്കാവുന്ന പ്രവൃത്തികളുടേയും വിവരശേഖരണം ഉദ്യോഗസ്ഥർ മുഖേന ഇതോടൊപ്പം നടത്തും. ഇപ്രകാരം ശേഖരിക്കുന്ന വിവരം ഉപയോഗിച്ച് ലാൻഡ് യൂസ് ബോർഡിൻ്റെ സഹായത്തോടെ പ്രവൃത്തികളുടെ പട്ടിക തയാറാക്കുകയും ചെയ്യും. ആദ്യഘട്ടത്തിൽ എട്ട് ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കിയത്.