കൊച്ചി നഗരത്തിലേയും ദേശീയ പാതയിലേയും ഗതാഗത സൗകര്യവികസനത്തിൽ നാഴികക്കല്ലായി മാറുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ശനിയാഴ്ച (09-01-21) രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൂർണ്ണമായും കിഫ്ബി ധനസഹായത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച പാലങ്ങളാണിവ. ഓൺലൈൻ ആയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുക. രണ്ടു പാലങ്ങളുടെയും ഉദ്ഘാടന ചടങ്ങുകളില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അദ്ധ്യക്ഷത വഹിക്കും.

ധനകാര്യവകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്ക് ചടങ്ങുകളില്‍ മുഖ്യാതിഥിയായിരിക്കും. രാവിലെ 9.30ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈറ്റില ജംഗ്ഷനില്‍ നടക്കുന്ന വൈറ്റില പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ പി.ടി തോമസ്, എം. സ്വരാജ്, ടി.ജെ വിനോദ്, എസ്. ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ എം.പിമാരായ പി. രാജീവ്, കെ.വി തോമസ്, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ദേശീയപാത ചീഫ് എഞ്ചിനീയര്‍ എം. അശോക് കുമാര്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ് എന്നിവര്‍ പങ്കെടുക്കും.

രാവിലെ 11 മണിക്ക് കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന് സമീപം നടക്കുന്ന കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്‍റെ ഉദ്ഘാടനചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ എം.സ്വരാജ്, പി.ടി തോമസ്, എസ്. ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ എം.പിമാരായ പി. രാജീവ്, കെ.വി തോമസ്,മരട് മുന്‍സിപ്പൽ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പില്‍,ജില്ലാ കളക്ടര്‍ എസ്. സുഹാസ് കൗൺസിലർമാരായ സി.വി. സന്തോഷ്, സി.ആർ. ഷാനവാസ്, സിബി മാസ്റ്റർ, ആർ.ബി.ഡി.സി.കെ എം.ഡി ജാഫർ മാലിക് എന്നിവര്‍ പങ്കെടുക്കും.