വയനാട്:കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ ദാരിദ്ര്യ ലഘൂകരണ പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ഗ്രാമകം എന്ന പേരിലാണ് കുടുംബശ്രീ പദ്ധതി ക്യാമ്പയില്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രാദേശിക വികസനം സാധ്യമാക്കുന്ന തരത്തില്‍ ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി (വില്ലേജ് പോവര്‍ട്ടി റിഡക്ഷന്‍ പ്ലാന്‍) രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.

പദ്ധതിആവിഷ്‌കരിക്കുന്നതിനായി പ്രത്യേക അയല്‍കൂട്ടങ്ങള്‍ ചേര്‍ന്ന് എ.ഡി.എസ് തലത്തില്‍ തയ്യാറാക്കുന്ന വികസന പദ്ധതികള്‍ ജനുവരി 16 നുള്ളില്‍ സി.ഡി.എസിന് കൈമാറും. ജില്ലയിലെ മുഴുവന്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരും പഞ്ചായത്ത്തല പദ്ധതി ജനുവരി 26 ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്ക് കൈമാറുന്ന വിധത്തിലാണ് ക്യാമ്പയിന്‍ ക്രമീകരിച്ചിരിക്കുന്നത്.

ഗ്രാമ തലത്തില്‍ ഓരോ വ്യക്തികളുടെയും, കുടുംബങ്ങളുടെയും അവകാശങ്ങളെ അടിസ്ഥാനമാക്കിയും അവരുടെ ഉപജീവന ആവശ്യങ്ങള്‍ കണ്ടെത്തിയും തയ്യാറാക്കുന്നതാണ് ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി. ഇത് പഞ്ചായത്തിന്റെ വികസന പദ്ധതിയുമായി യോജിപ്പിക്കും. തൊഴിലുറപ്പ് പദ്ധതി, വിവിധ ക്ഷേമ പെന്‍ഷനുകള്‍, വീട്, ശുചിത്വം, പരിസ്ഥിതി പ്രശ്‌നങ്ങള്‍,സാമൂഹിക വികസന പദ്ധതികള്‍, റോഡ്, കുടിവെളളം,ആരോഗ്യം, വിവിധ അടിസ്ഥാന സൗകര്യങ്ങള്‍, തൊഴിലും വരുമാനവും, മറ്റ് സേവന മേഖലകള്‍ തുടങ്ങിയ പദ്ധതികളാണ് ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.

ഗ്രാമകം കാമ്പയിന്റെ ഭാഗമായുളള പരിശീലനങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലയിലെ മുഴുവന്‍ സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികള്‍ക്കും കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം നല്‍കിയത്.