തിരുവനന്തപുരം: ഹരിത ഓഡിറ്റില്‍ കേരള രാജ് ഭവന്‍ 100% മാര്‍ക്ക് കരസ്ഥമാക്കി സമ്പൂര്‍ണ ഹരിത ഓഫീസും ക്യാമ്പുമായി മാറി. പ്രകൃതി സൗന്ദര്യം പൂര്‍ണ്ണമായി നിലനിറുത്തി കൊണ്ടുളള ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങളാണ് കേരള രാജ്ഭവനില്‍ നടപ്പിലാക്കിയിട്ടുളളത്.
പൂന്തോട്ടത്തോടൊപ്പം ഔഷധ ചെടികളുടെ പൂന്തോട്ടം, പച്ചക്കറി തോട്ടം, വാഴകൃഷി തുടങ്ങിയവ ശാസ്ത്രീയമായി നടപ്പാക്കിയിട്ടുണ്ട്. ജൈവമാലിന്യം സംസ്‌കരിക്കുന്നതിന് റിംഗ്/പൈപ്പ് കമ്പോസ്റ്റ് സംവിധാനവും ഉണ്ട്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ജൈവവളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. അജൈവമാലിന്യം മിനി എം.സി.എഫില്‍ ശേഖരിച്ച് തരംതിരിച്ച് കൃത്യമായ ഇടവേളകളില്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തു കൊണ്ടു പോകുകയും ചെയ്തു.
പോലിസ് മേധാവിയുടെ ഓഫിസ് പൂര്‍ണ്ണ ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ ഓഫിസായി ഹരിത ഓഡിറ്റില്‍ കണ്ടെത്തി. ഡിസ്‌പോസിബിള്‍/നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിരോധിച്ചുകൊണ്ടും എല്ലാ ജീവനക്കാരും ഭക്ഷണവും വെളളവും കഴുകി ഉപയോഗിക്കുന്ന പാത്രങ്ങളില്‍ കൊണ്ടു വന്നും, ഓഫീസ് ഉപയോഗത്തിന് അത്തരം പാത്രങ്ങള്‍ സജ്ജമാക്കിയുമാണ് ഹരിത ഓഡിറ്റുകളില്‍ പൂര്‍ണ്ണ മാര്‍ക്ക് നേടിയത്. ജൈവ – അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് പ്രത്യേക ബിന്നുകളില്‍ നിക്ഷേപിച്ചും ജൈവ പച്ചക്കറി തോട്ടം, പൂന്തോട്ടം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ സര്‍ക്കാര്‍ ഓഫിസുകള്‍ ഹരിത ഓഡിറ്റിനായി navakeralatvpm@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് സന്ദേശം അയയ്ക്കണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി.ഹുമയൂണ്‍ അറിയിച്ചു.