ആലപ്പുഴ: ജില്ലയില്‍ സംഘടിപ്പിച്ചുവരുന്ന സ്വീപ് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സെന്റ് ജോസഫ് കോളേജില്‍ നടന്ന വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ജില്ല കളക്ടര്‍ എ അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിന്റെ ഭാഗമായി ആദ്യം രജിസ്റ്റര്‍ ചെയ്ത ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് കളക്ടര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

രേഷ്മ ബിജു, ക്ലാരമ്മ ജോര്‍ജ്, ഷിനിമോള്‍, ലയ സെബാസ്റ്റ്യന്‍, സെറിന്‍ ബാബു, നെല്‍സി ജോണ്‍സണ്‍ എന്നീ വിദ്യാര്‍ത്ഥിനികളാണ് ആദ്യം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. 134 വിദ്യാര്‍ത്ഥിനികള്‍ പുതുതായി പേര് രജിസ്റ്റര്‍ ചെയ്തു. രജിസ്‌ട്രേഷനോടൊപ്പം തന്നെ ഇവര്‍ക്കായി ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു നല്‍കി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ അറിയുന്നതിനോടൊപ്പം തന്നെ മറ്റുള്ളവരിലേക്ക് കൂടി പകര്‍ന്നു നല്‍കുക എന്നതാണ് സ്വീപ് ബോധവല്‍ക്കരണ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.

ചടങ്ങില്‍ ജില്ല ദാരിദ്ര്യ ലഘൂകരണ വിഭാഗം നോഡല്‍ ഓഫീസര്‍ വി പ്രദീപ് കുമാര്‍, കോളേജ് മാനേജര്‍ റഫ :സിസ്റ്റര്‍ ആന്‍സി മാത്യു, പ്രിന്‍സിപ്പല്‍ ഡോ. റീത്ത ലത ഡിക്കോണ, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.