തൃശ്ശൂർ: കോവിഡ് കാലത്തെ നീണ്ട പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം വനിതകളെ ‘ഫിറ്റാ’ക്കാൻ തളിക്കുളം ഫിറ്റ്‌നസ് സെന്റർ വീണ്ടും തുറക്കുന്നു. ലോക്ഡൗൺ സമയത്ത് അടച്ചിട്ട ഫിറ്റ്നെസ് സെൻ്ററാണ് ജനുവരി 22 ന് തുറന്നു പ്രവർത്തനമാരംഭിക്കുന്നത്.സ്ത്രീകളുടെ ഉന്നമനത്തിനൊപ്പം ജീവിതശൈലീരോഗങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഫിറ്റ്‌നെസ് സെന്റര്‍ ആരംഭിച്ചത്.
കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട ഫിറ്റ്‌നെസ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാൻ ആരംഭിച്ചത്. പഞ്ചായത്തിലെ സ്ത്രീകളുടെ അഭ്യർത്ഥനയെ തുടർന്നാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സാജിത പറഞ്ഞു.തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചാണ് ഫിറ്റ്‌നെസ് സെന്റര്‍ ആരംഭിച്ചത്. 15 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള ഫിറ്റ്നസ് സെന്റർ യാഥാർത്ഥ്യമാക്കിയത്. രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പഞ്ചായത്തിലെ സ്ത്രീകള്‍ക്ക് ഈ കേന്ദ്രത്തിൽ വന്ന് വ്യായാമം ചെയ്യാം. ട്രഡ്മിൽ, സ്പിൻ ബൈക്ക്, മൾട്ടി ജിം, എക്സർസൈസ് ബൈക്ക്, ക്രോസ്സ് ട്രെയിനർ എന്നിങ്ങനെ പത്തില്‍പരം ആധുനിക ഫിറ്റ്നസ് ഉപകരണങ്ങൾ ഇവിടെ സജ്‌ജീകരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് പ്രതിമാസം 300 രൂപയാണ് ഫീസ്.