ആലപ്പുഴ:  ദേശിയ സമ്മതിദായക ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കുമാരനാശാന്‍ സ്മാരക ചെയര്‍മാന്‍ രാജീവ് ആലുങ്കല്‍ നിര്‍വഹിച്ചു. വോട്ട്  രേഖപ്പെടുത്തേണ്ടത് ഓരോരുത്തരുടേയും അവകാശമാണെന്ന് രാജീവ് ആലുങ്കല്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തേണ്ടത് രാജ്യത്തിന്റെ നിലനില്‍പിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.  ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ സമ്മതിദായകദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുതിയ വോട്ടര്‍പട്ടിക  പ്രസിദ്ധീകരിച്ചു എങ്കിലും തുടര്‍ച്ചയായ പ്രക്രിയ എന്ന നിലയില്‍   പേര് ചേര്‍ക്കുന്ന നടപടികള്‍ തുടര്‍ന്ന് പോകുമെന്ന് കളക്ടര്‍ പറഞ്ഞു. ഇനിയും പേര് ചേര്‍ക്കുന്നവരുടെ പട്ടിക സപ്ലിമെന്ററി ആയി പ്രസിദ്ധപ്പെടുത്തും.  അതുകൊണ്ടുതന്നെ പേര് ചേര്‍ക്കാനുള്ള ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍  നടത്തിയ ചിത്രരചന   മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനം കളക്ടര്‍ നല്‍കി. സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2021നോടനുബന്ധിച്ചു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത ആലപ്പുഴ/ അമ്പലപ്പുഴ മണ്ഡലത്തിലെ അലന്‍ അഗസ്റ്റിന്‍, സാനിയ പീറ്റര്‍, എയിഞ്ചല്‍ ജോഷി, മുഹമ്മദ് സുല്‍ത്താന്‍, അക്ഷയ് ഫിലിപ്പോസ്, സെബാസ്റ്റന്‍ വില്യം, ആഷിന്‍ കുര്യന്‍ എന്നിവര്‍ക്ക് വോട്ടര്‍ ഐ ഡി കാര്‍ഡ് വിതരണം ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍  (ഇലക്ഷന്‍ ) പി എസ് സ്വര്‍ണമ്മ, ജില്ല ദാരിദ്ര്യ ലഘൂകരണ വിഭാഗം നോഡല്‍ ഓഫീസര്‍ വി പ്രദീപ് കുമാര്‍, തിരഞ്ഞെടുപ്പ് സൂപ്രണ്ട് എസ്.  അന്‍വര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.