കൊല്ലം ഭിന്നശേഷി സൗഹൃദ കോര്‍പറേഷനായി മാറിക്കഴിഞ്ഞെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി കോര്‍പറേഷന്‍ നല്‍കുന്ന സൈഡ് വീല്‍ സ്‌കൂട്ടറിന്റെ വിതരണോദ്ഘാടനം ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നൂറു പേര്‍ക്കാണ് വാഹനം വിതരണം ചെയ്തത്.
ലൈഫ് മിഷന്റെ ഭാഗമായി വീടുകളുടെ നിര്‍മാണം ജില്ലയില്‍ അതിവേഗം പുരോഗമിക്കുകയാണ്. ക്യു.എസ്.എസ് കോളനിയില്‍ 425 ചതുരശ്ര അടി വിസ്തൃതിയില്‍ ഇരുന്നൂറോളം വീടുകളാണ് പൂര്‍ത്തിയാവുക. ഈ മാസം 29ന് ഇവിടെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി ഒമ്പത് മാസത്തിനകം തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനായി. ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കി കൊല്ലം കോര്‍പറേഷന്‍ മാതൃകയാകുകയാണെന്നും സ്‌കോളര്‍ഷിപ്പും പാലിയേറ്റിവ് കെയറും അടക്കമുള്ള സഹായങ്ങളാണ് നല്‍കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എസ്. ഗീതാകുമാരി, വി.എസ്. പ്രിയദര്‍ശന്‍, അഡ്വ. ഷീബ ആന്റണി, സെക്രട്ടറി വി.ആര്‍. രാജു തുടങ്ങിയവര്‍ പങ്കെടുത്തു.