ഇടുക്കി: ജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും നേരിട്ട് പരിഹാരം കാണുന്നതിനായി പിണറായി വിജയന് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന സാന്ത്വന സ്പര്‍ശം താലൂക്ക്തല സംഗമ പരിപാടി ഇടുക്കി ജില്ലയില്‍ ഫെബ്രുവരി 15, 16, 18 തീയതികളിലായി നടത്തും. വൈദ്യുതി മന്ത്രി എം എം മണി, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എന്നിവര്‍ സാന്ത്വന സ്പര്‍ശ സംഗമത്തില്‍ പങ്കെടുത്തു പരാതികളും അപേക്ഷകളും പരിഗണിച്ചു തീര്‍പ്പു കല്പിക്കും.
ഇടുക്കി,തൊടുപുഴ താലൂക്ക്തല അദാലത്ത് ഫെബ്രുവരി 18ന് വാഴത്തോപ്പ് സെന്റ്. ജോര്‍ജ്ജ് പള്ളി പാരിഷ് ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചു. അദാലത്തിന് മുന്നോടിയായി സ്വാഗത സംഘം രൂപികരിച്ചു. റോഷി അഗസ്റ്റ്യന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപികരണ യോഗത്തില്‍ എം എല്‍ എമാരായ റോഷി അഗസ്റ്റ്യന്‍, പി ജെ ജോസഫ് എന്നിവരെ മുഖ്യ രക്ഷാധികാരികളായും, രക്ഷാധികാരികളായി ഇടുക്കി, തൊടുപുഴ, ഇളംദേശം, കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ്മാരെയും മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്മാരെയും തെരഞ്ഞെടുത്തു. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോളിനെ ചെയര്‍മാനായും ഇടുക്കി – തൊടുപുഴ താലൂക്കുകളിലെ മറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരെ വൈസ്ചെയര് പേഴ്സണ്‍മാരായും ഇടുക്കി തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫിനെ കണ്‍വീനറായും തിരഞ്ഞെടുത്തു.
ചികിത്സാസഹായം, പട്ടയം, മറ്റ് ഭൂമി സംബന്ധമായ വിഷയങ്ങള്‍, ലൈഫ് അപേക്ഷകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ളവ സംഗമത്തില്‍ പരിഗണിക്കും. ഇതു സംബന്ധിച്ചുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈന്‍ ആയി ഫെബ്രുവരി മൂന്നുമുതല്‍ ഒമ്പതുവരെ പ്രവര്‍ത്തി സമയങ്ങളില്‍ സമര്‍പ്പിക്കാം. അതത് താലൂക്ക് ഓഫീസുകളില്‍ ഈ സമയപരിധിക്കുള്ളില്‍ നേരിട്ടും അപേക്ഷകള്‍ സമര്‍പ്പിക്കാം. 25000 രൂപവരെയുള്ള ചികിത്സാ സഹായത്തിന് അപേക്ഷിക്കാം. എന്നാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന്റെ ചികിത്സാ സഹായം ലഭിച്ചവര്‍ അപേക്ഷിക്കാന്‍ പാടില്ല. റേഷന്‍കാര്‍ഡുകള്‍ എ.പി.എല്‍/ബി.പി.എല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട പരാതികള്‍, പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട പരാതികളും ഒഴികെ മറ്റെല്ലാ പരാതികളും അദാലത്തില്‍ പരിഗണിക്കും.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പരാതിക്കാര്‍ക്ക് പഞ്ചായത്ത് തലത്തില്‍ സമയക്രമം പാലിച്ച് അദാലത്തില്‍ പങ്കെടുക്കാം. ഫെബ്രുവരി 18 ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ രാവിലെ 10 മണി മുതല്‍ 11 വരെ കുമാരമംഗലം, മുട്ടം, ഇടവെട്ടി, ആലക്കോട്, വെള്ളിയാമറ്റം പഞ്ചായത്തുകളിലുള്ളവര്‍ക്കും; 11 മണി മുതല്‍12 വരെ തൊടുപുഴ മുനിസിപ്പാലിറ്റി, പുറപ്പുഴ, വണ്ണപ്പുറം, ഉടുമ്പന്നൂര്‍, കോടികുളം ഗ്രാമപഞ്ചായത്തുകളിലെ പരാതിക്കാര്‍ക്കും, ഉച്ചയ്ക്ക് 12 മണി മുതല്‍ 1 വരെ കരിങ്കുന്നം, അറക്കുളം, കുടയത്തൂര്‍, കരിമണ്ണൂര്‍, മണക്കാട് പഞ്ചായത്തുകള്‍ക്കും ഉച്ചയ്ക്ക് ശേഷം 2 മുതല്‍ 3 വരെ കാഞ്ചിയാര്‍, കൊന്നത്തടി, അയ്യപ്പന് കോവില്‍ പഞ്ചായത്തുകള്‍ക്കും വൈകിട്ട് 3 മുതല്‍ 4 വരെ കട്ടപ്പന മുനിസിപ്പാലിറ്റി, കാമാക്ഷി, വാത്തികുടി ഗ്രാമപഞ്ചായത്തുകള്‍ക്കും വൈകിട്ട് 4 മണി മുതല്‍ 5 മണി വരെ മരിയാപുരം, വാഴത്തോപ്പ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പരാതിക്കാര്‍ക്കും അദാലത്തില്‍ പങ്കെടുക്കാം.
ചെറുതോണി വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപികരണ യോഗത്തില്‍ റോഷി അഗസ്റ്റ്യന്‍ എഎല്‍എ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫ്, എല്‍ ആര് തഹസില്‍ദാര്‍ കുഞ്ഞുമുഹമ്മദ്, ഗ്രാമ-ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.