കോഴിക്കോട്:   ജില്ലയുടെ സ്വപ്ന പദ്ധതിയായ ‘ നമ്മുടെ കോഴിക്കോട് ‘ ന്റെ ലോഞ്ചിങ് ഇന്ന് (ജനുവരി 30) വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. മാനാഞ്ചിറ സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ടി. പി രാമകൃഷ്ണന്‍, എ. കെ ശശീന്ദ്രന്‍, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

‘നമ്മുടെ കോഴിക്കോട്’ പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച പരിപാടികളുടെ പ്രവര്‍ത്തനം ലളിതമായും കാലതാമസം കൂടാതെയും സജ്ജമാകുന്ന വിധത്തിലാണ് പദ്ധതിക്കായി മൊബൈല്‍ ആപ്ലിക്കേഷനും വെബ്പോര്‍ട്ടലും രൂപകല്‍പ്പന ചെയ്തത്. പൗരന്റെ അടിസ്ഥാന ആവശ്യങ്ങള്‍ മുതല്‍ ജില്ലയെ സംബന്ധിക്കുന്ന പ്രധാന വിരങ്ങളെല്ലാം ഇതിലൂടെ ലഭ്യമാകും. പ്ലേ സ്റ്റോര്‍ വഴിയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാക്കുക. പദ്ധതി ആസൂത്രണം മുതല്‍ നടപ്പാക്കല്‍ വരെയുള്ള ഘട്ടങ്ങളില്‍ മുഴുവന്‍ പൗരന്മാരുടേയും പങ്കാളിത്തം വിവര സാങ്കേതിക വിദ്യയിലൂടെ ഉറപ്പാക്കലാണ് ‘നമ്മുടെ കോഴിക്കോടി’ന്റെ ലക്ഷ്യം.

ഉദയം, എനേബിളിങ് കോഴിക്കോട്, ക്രാഡില്‍, ഹാപ്പിഹില്‍, മാനസികാരോഗ്യകേന്ദ്രത്തിന്റെ വികസനം, സുഫലം, മിഷന്‍ തെളിനീര്‍, മിഷന്‍ക്ലീന്‍ ബീച്ച്, മിഷന്‍ സുന്ദര പാതയോരം ആരോഗ്യജ്വാല, ആരോഗ്യജാഗ്രത, സ്മാര്‍ട്ട് ചലഞ്ച് തുടങ്ങിയവ ‘ നമ്മുടെ കോഴിക്കോടി’ലെ പദ്ധതികളാണ്.