തൃശ്ശൂർ: ആസ്വാദകരെ കാത്ത് കടലിന്റെ മനോഹാരിതയിലൊരുങ്ങി ചാവക്കാട് ബീച്ച്. കുടുംബമൊന്നിച്ച് സായാഹ്നങ്ങൾ ചെലവഴിക്കുന്നതിന് വേണ്ട എല്ലാവിധ സജ്ജീകരണങ്ങളോടുകൂടിയാണ് ഈ കടൽ തീരം കാഴ്ചക്കാരെ വരവേൽക്കുന്നത്. തൃശ്ശൂരിലെ പ്രധാനപ്പെട്ട ബീച്ച് ആയ ചാവക്കാട് ബീച്ചിൽ വിവിധ ടൂറിസം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തുന്ന ആളുകളെയും ടൂറിസ്റ്റുകളെയും ആകർഷിക്കുന്നതിന് വേണ്ടി 2016ൽ ആരംഭിച്ച പദ്ധതിയാണ് ചാവക്കാട് ബീച്ച് ടൂറിസം പദ്ധതി.
രണ്ടു ഘട്ടങ്ങളിലായാണ് ചാവക്കാട് ബീച്ച് ടൂറിസം പദ്ധതി പ്രവർത്തിച്ചത്. ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 1 കോടി 46 ലക്ഷവും കെ വി അബ്ദുൽ ഖാദർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 24 ലക്ഷവും അനുവദിച്ചു. ഹാർബർ എൻജിനീയറിങ് വകുപ്പ്, ജില്ലാ നിർമിതി കേന്ദ്രം എന്നിവരാണ് ഒന്നാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തുടർന്ന് കഫ്റ്റീരിയ, റീട്ടെയിനിംഗ് വാൾ, ഫുഡ് കിയോസ്ക്, നടപ്പാത, ഇരിപ്പിടങ്ങൾ, ഹൈമാസ്റ്റ് എൽഇഡി ലൈറ്റുകൾ, ശുചിമുറി എന്നിവയടങ്ങുന്ന പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കി.
ചാവക്കാട് ബീച്ചിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രണ്ടര കോടി അനുവദിച്ചു. നിലവിൽ ഷോപ്പുകൾ, കുടിവെള്ള കിയോസ്ക്, ഷെൽട്ടറുകൾ, ലാൻഡ് സ്കെപ്പിങ്, 7 സ്റ്റാളുകൾ, ടോയ്ലറ്റ് ബ്ലോക്ക്, പുതിയ വിളക്കുകൾ, റെയിൻ ഹാർവെസ്റ്റിംഗ് ടാങ്ക്, ഏറോബിക് സോളിഡ് വേസ്റ്റ് മാനേജ്മെന്റ്, പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ശേഖരിക്കുന്നതിനുള്ള ഷെഡ്, പ്ലംബിംഗ് എന്നീ പ്രവർത്തനങ്ങൾ ജില്ലാ നിർമിതി കേന്ദ്രം മുഖേന പുരോഗമിക്കുന്നു. ഫെബ്രുവരി 15നകം പണികൾ പൂർത്തിയാക്കി ചാവക്കാട് ബീച്ച് ടൂറിസത്തിന് പുതിയ മാനം കൈവരിക്കാൻ സാധിക്കുമെന്ന് കെ വി അബ്ദുൽ ഖാദർ എംഎൽഎ അറിയിച്ചു