നഷ്ടപരിഹാരമായി പ്രീതിക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ

തൃശ്ശൂർ: ഒന്നര വർഷം മുൻപ് ട്രെയിനപകടത്തിൽ മരിച്ച ഭർത്താവ് രാജന്റെ വേർപാടിൽ പ്രീതിക്ക് ആശ്വാസമേകി സാന്ത്വന സ്പർശം അദാലത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഒരു ലക്ഷം രൂപ അനുവദിച്ചു.

ചെമ്പ് പണിക്കാരനായ രാജൻ 2019ലാണ് തലോർ തൈക്കാട്ടുശ്ശേരി ഗേറ്റിനടുത്ത് വെച്ച് ട്രെയിൻ തട്ടി മരണപ്പെട്ടത്. ഇതോടെ പ്രീതിയും മക്കൾ രഞ്ജിതയും പ്രണവുമടങ്ങുന്ന കൊച്ചു കുടുംബത്തിന് അത്താണിയില്ലാതായി. മകളുടെ വിവാഹത്തിന് നേരത്തെ എടുത്ത ബാധ്യതകൾ കൂടിയായപ്പോൾ ദുരിതത്തിന്റെ സങ്കടക്കയത്തിലായി ഈ കുടുംബം. അമ്പതുകാരിയായ പ്രീതിയുടെ താലൂക്ക് കാന്റീനിലുള്ള ജോലി മാത്രമായിരുന്നു ഇവരുടെ ഏക ആശ്രയം.

സംസ്ഥാന സർക്കാരിന്റെ സാന്ത്വന സ്പർശം അദാലത്തിൽ വരുമ്പോഴും ഇത്തരമൊരു പ്രതീക്ഷയും പ്രീതിക്ക് ഉണ്ടായിരുന്നില്ല. മരണാനന്തര സഹായത്തിന്റെ രൂപത്തിൽ തനിക്കും വിദ്യാർത്ഥിയായ മകനും ഭർത്താവിന്റെ തുണയാണ് ഇതെന്ന് വിതുമ്പുകയാണ് പ്രീതി. അദാലത്തിലൂടെ നിരവധിപേരുടെ കണ്ണീരൊപ്പാൻ സാന്ത്വന സ്പർശത്തിന് കഴിഞ്ഞിട്ടുണ്ട്.