തൃശ്ശൂർ: മകളുടെ വിവാഹത്തിനായെടുത്ത ലോൺ തിരിച്ചടവിന് സഹായം തേടി സാന്ത്വന സ്പർശത്തിലെത്തിയ ഉണ്ണികൃഷ്ണൻ തിരിച്ചിറങ്ങിയത് സന്തോഷക്കണ്ണീരോടെ. അഞ്ച് വർഷം മുമ്പാണ് മകൾ ശ്രീരേഖയുടെ വിവാഹത്തിനായി കൂലിപ്പണിക്കാരനായ വരവൂർ സ്വദേശി സി എം ഉണ്ണികൃഷ്ണൻ (54) അഞ്ച് ലക്ഷം രൂപ ലോണെടുക്കുന്നത്.
മകളുടെ വിവാഹം കഴിഞ്ഞ് അടുത്ത വർഷം തന്നെ പക്ഷാഘാതം ബാധിച്ച് ഉണ്ണികൃഷ്ണൻ ഒരുവശം തളർന്നു കിടപ്പിലായി. കുടുംബത്തിലെ ഏക അത്താണിയായ ഉണ്ണികൃഷ്ണന്റെ രോഗം തളർത്തിയത് ഭാര്യ ശാന്തിനിയെയും മകളെയും കൂടിയാണ്.
വയ്യാത്ത കാലുമായി കുന്നംകുളത്ത് സാന്ത്വനസ്പർശം അദാലത്തിലെത്തിയ ഉണ്ണികൃഷ്ണൻ മന്ത്രി സി രവീന്ദ്രനാഥിന് മുന്നിൽ പൊട്ടിക്കരഞ്ഞു. ഉടൻ തന്നെ മന്ത്രി
ലോണിന്റെ വിശദാംശങ്ങൾക്കായി പരാതി കേരള ബാങ്കിനെ ഏൽപ്പിച്ചു. ലോൺ കുടിശ്ശിക കുറച്ചു മാത്രം അടയ്ക്കുകയോ പൂർണ്ണമായി എഴുതി തള്ളുകയോ ചെയ്യാനും മന്ത്രി നിർദേശിച്ചു.