മലപ്പുറം: തവനൂർ ഗവ ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൻ്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് ആൻഡ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും കെട്ടിടം വനിതാ – ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. മനോഹരവും സൗകര്യപ്രദവുമായ കെട്ടിടമാണ് തവനൂരിൽ ഒരുക്കിയിരിക്കുന്നതെന്നും കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി സർക്കാർ നിരവധി സഹായ സംവിധാനങ്ങളും പദ്ധതികളും നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ടാസ്ക് ഫോഴ്സ് പദ്ധതിയിലൂടെ നിരവധി കുഞ്ഞുങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജീവിതത്തിൻ്റെ ഒരുപാട് ദുരിതാനുഭവങ്ങളിലൂടെ കടന്നു കയറി വന്നിട്ടുള്ള കുട്ടികളാണ് ഇവരെന്നും നമ്മളിൽ നിന്ന് സ്നേഹവും പരിലാളനയുമാണ് പ്രതീക്ഷിക്കുന്നതെന്നും അത് നമുക്ക് ഓരോരുത്തർക്കും അവർക്ക് നൽകാൻ കഴിയണമെന്നും

ചടങ്ങിൽ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ പറഞ്ഞു. അസാപ്പ് സ്കിൽ സെൻ്റർ പ്രവർത്തനമാരംഭിക്കുമ്പോൾ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് സൗജന്യമായോ സാമൂഹ്യനീതി വകുപ്പിൻ്റെ ഏതെങ്കിലും സ്റ്റൈപ്പൻ്റ് പ്രയോജനപ്പെടുത്തിയോ തൊഴിൽ നൈപുണ്യ കോഴ്സിൽ പരിശീലനം നൽകുമെന്നും മന്ത്രി സൂചിപ്പിച്ചു. വിവിധ സർക്കാർ ക്ഷേമ സ്ഥാപനങ്ങളും ജയിലും നിലകൊള്ളുന്ന പ്രദേശം കൂടുതൽ വികസനത്തിലേക്ക് നീങ്ങുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി , തിരൂർ ആർഡിഒ അബ്ദുൾ നാസർ എന്നിവർ മുഖ്യാതിഥികളായി. കെട്ടിടങ്ങളുടെ ശിലാഫലകങ്ങൾ മന്ത്രി ഡോ.കെ.ടി ജലീൽ അനാച്ഛാദനം ചെയ്തു. സംസ്ഥാന ബാലവകാശ കമ്മീഷൻ മെമ്പർ സി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റൻ്റ് എഞ്ചിനീയർ സാൻ്റോസ് സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.

കുട്ടികൾക്ക് ശ്രദ്ധയും പരിരക്ഷയും നീതിയും ഉറപ്പ് വരുത്തുന്നതിനായി മികച്ച അടിസ്ഥാന സൗകര്യങ്ങളോടു കൂടിയാണ് തവനൂർ ഗവ.ചിൽഡ്രൻസ് ഹോമും ജുവനൈൽ ജസ്റ്റിസ് ബോർഡ് ആൻഡ് മലപ്പുറം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെയും പുതിയ കെട്ടിടങ്ങൾ ഒരുക്കിയിരിക്കുന്നത്. 1558 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ചിൽഡ്രൻസ് ഹോമിൻ്റെ മൂന്ന് നില കെട്ടിടം. ബോയ്സ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ലൈബ്രറി, വാർഡൻ റൂം, ഡോർമിറ്ററികൾ, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ റൂം, സ്റ്റാഫ് റെസ്റ്റ് റൂം, തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയിൽ ഡോർമിറ്ററികൾ, റീഡിങ് റൂം, ഗസ്റ്റ് റൂം തുടങ്ങിയ സൗകര്യങ്ങളും രണ്ടാമത്തെ നിലയിൽ ഡോർമിറ്ററികൾ, റീഡിങ് റൂം, സിക്ക് റൂം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്ന് നിലകളിലും ശുചിമുറി സംവിധാനവുമുണ്ട്.

394 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിച്ച ജുവൈനൽ ജസ്റ്റിസ് ബോർഡ് ആൻഡ് ചൈൽഡ് വെൽഫയർ കമ്മിറ്റി കെട്ടിടത്തിൽ കോർട്ട് ഹാൾ, മജിസ്ട്രേറ്റ് റൂം, ഓഫീസ് റൂം, റെക്കോർഡ് റൂം, മെമ്പേഴ്സ് കാമ്പിൻ തുടങ്ങിയ സൗകര്യങ്ങളും ശുചിമുറി സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഗീതാഞ്ജലി, ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് പി.സുഷമ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. പി ഷാജേഷ് ഭാസ്ക്കർ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.രാമകൃഷ്ണൻ, തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.പി നസീറ, ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ ഇടശ്ശേരി, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.കൃഷ്ണമൂർത്തി ഗവ.ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ബിനു ജോൺ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കെട്ടിടങ്ങൾ നിർമിച്ച പെരിന്തൽമണ്ണ മൻസിൽ കൺസ്ട്രക്ഷൻസിനെ ചടങ്ങിൽ മന്ത്രി കെ.ടി ജലീൽ ആദരിച്ചു.