ജില്ലയില്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് നാല് പട്ടയമേളകളിലൂടെ വിതരണം ചെയ്തത് 1178 പട്ടയങ്ങള്‍
ആലപ്പുഴ: സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പട്ടയ വിതരണ ചടങ്ങിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധ താലൂക്കുകളിലായി 105 പട്ടയങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്ത് ആകെ 13,320 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കിയത്. നിര്‍മാണം പൂര്‍ത്തിയാക്കിയ 16 വില്ലേജ് ഓഫീസുകള്‍, രണ്ട് സ്റ്റാഫ് ക്വാട്ടേഴ്സ്, രണ്ടു ദുരിതാശ്വാസ കേന്ദ്രങ്ങള്‍ എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിര്‍വഹിച്ചു. സംസ്ഥാനത്ത് രണ്ടു ലക്ഷത്തിനടുത്ത് പട്ടയങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിനെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി സേവനങ്ങള്‍ പലതും ഓണ്‍ലൈനിലാക്കി. റവന്യൂ വകുപ്പ് നല്‍കുന്ന 25 സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ഓണ്‍ലൈനായി ലഭ്യമാണ്. ഇതു വഴി വളരെപ്പെട്ടെന്ന് രേഖകള്‍ ലഭ്യമാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.
മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസുകളുടെയും ജില്ലയിലെ 12 വില്ലേജ് ഓഫീസുകളുടെയും കെട്ടിട നിര്‍മാണ ഉദ്ഘാടനവും മുഖ്യ മന്ത്രി നിര്‍വഹിച്ചു. ജില്ല തലത്തില്‍ കളക്ട്രേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സൗമ്യ രാജ്, വാര്‍ഡ് കൗണ്‍സിലര്‍ സിമി ഷാഫിഖാന്‍ എന്നിവര്‍ പട്ടയം വിതരണം ചെയ്തു. 47 എല്‍.എ പട്ടയങ്ങള്‍, 43 എല്‍.ടി പട്ടയങ്ങള്‍ 15 ദേവസ്വം പട്ടയം എന്നിവയാണ് വിതരണം ചെയ്തത്. കൂടാതെ ഒമ്പത് പേര്‍ക്ക് കൈവശ രേഖയും നല്‍കി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാല് പട്ടയമേളകളാണ് നടന്നത്. ജില്ലയില്‍ ഇതുവഴി ആകെ 1178 പട്ടയങ്ങളും 116 കൈവശാവകാശ രേഖയും വിതരണം ചെയ്തു.
ചേര്‍ത്തല താലൂക്കിലെ പള്ളിപ്പുറം, കുട്ടനാട് താലൂക്കിലെ കാവാലം, പുളിങ്കുന്ന്, ചെങ്ങന്നൂര്‍ താലൂക്കിലെ ആല, പാണ്ടനാട്, വെണ്മണി, മാവേലിക്കര താലൂക്കിലെ പാലമേല്‍, ഭരണിക്കാവ്, കണ്ണമംഗലം, വെട്ടിയാര്‍, തഴക്കര, കാര്‍ത്തികപ്പള്ളി താലൂക്കിലെ കാര്‍ത്തികപ്പള്ളി വില്ലേജോഫീസ് എന്നിവയുടെ കെട്ടിടങ്ങളാണ് നിര്‍മിക്കുക. കളക്ടേറ്റില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം അലക്സ് ജോസഫ്, എല്‍.ആര്‍.ഡെപ്യൂട്ടി കളക്ടര്‍ സന്ധ്യാ ദേവി എന്നിവര്‍ പങ്കെടുത്തു. മാവേലിക്കര താലൂക്കോഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആര്‍.രാജേഷ് എം.എല്‍.എ, ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസില്‍ സജി ചെറിയാന്‍ എം.എല്‍.എ, പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ എ.എം.ആരിഫ് എം.പി., ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ എന്നിവരും പങ്കെടുത്തു.