മൂന്നാറില് വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നടത്തി

ഇടുക്കി:‍ കേരളമിന്ന് ആഗോള വിനോദസഞ്ചാര ഭൂപടത്തിലെ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായി മാറികഴിഞ്ഞുവെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടാംഘട്ട വികസനമുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം രംഗത്ത് ഇതിനോടകം നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. കൊവിഡ് 19 ബാധിച്ചില്ലായിരുന്നുവെങ്കില്‍ തുടങ്ങിവച്ച ടൂറിസം പദ്ധതികള്‍ 90 ശതമാനവും പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്നു. സംസ്ഥാനത്താകെ 27 പുതിയ പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുന്നത്.

187 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.ടൂറിസം മേഖലക്ക് കൊവിഡ് ഏല്‍പ്പിച്ച മാന്ദ്യത്തില്‍ നിന്ന് മുമ്പോട്ട് കുതിക്കാന്‍ പുതിയ പദ്ധതികള്‍ സഹായകരമാകും.കേരളത്തെ സംബന്ധിച്ച് വിനോദസഞ്ചാരരംഗത്ത് വലിയ കുതിപ്പുണ്ടായ വര്‍ഷമായിരുന്നു 2019. കുറച്ച് താമസം നേരിട്ടാലും കൊവിഡിന് മുമ്പുണ്ടായിരുന്ന പഴയ ഊര്‍ജ്ജം ടൂറിസം മേഖല വീണ്ടെടുക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാറിന്റെ ടൂറിസം വികസനത്തിന് കൂടുതല്‍ കരുത്ത് പകരുന്ന പദ്ധതികള്‍ക്കാണ് മൂന്നാറില്‍ തുടക്കം കുറിച്ചിട്ടുള്ളത്. 3.5 കോടി രൂപയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ രണ്ടാംഘട്ട വികസനവും 1.48 കോടി രൂപയുടെ വേള്‍ഡ് ക്ലാസ് ടോയിലറ്റ് ബ്ലോക്ക് പദ്ധതിയും 99 ലക്ഷം രൂപയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അധിക സൗകര്യം ഏര്‍പ്പെടുത്തലുമാണ് പുതിയ പദ്ധതികള്‍.

മൂന്നാറില്‍ നടന്ന പ്രാദേശിക ചടങ്ങിന്റെ ഉദ്ഘാടനം എസ് രാജേന്ദ്രന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സി എ കുര്യനും എസ് രാജേന്ദ്രന്‍ എംഎല്‍എയും ചേര്‍ന്ന് പദ്ധതികളുടെ ശിലാഫലകം അനാശ്ചാദനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ കണ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണി, പഞ്ചായത്തംഗങ്ങളായ റീന മുത്തുകുമാര്‍, പേച്ചിയയമ്മാള്‍, രാജേന്ദ്രന്‍, പി പഴനിവേല്‍, ഡി ടി പി സി സെക്രട്ടറി പി എസ് ഗിരീഷ്, മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.