കാസർഗോഡ്: വീട്ടിലെ ആവശ്യങ്ങള്‍ക്കും മറ്റും ഇനി തൊഴിലാളികളെ കണ്ടെത്താന്‍ ഇനി പ്രയാസപ്പെടേണ്ടി വരില്ല. പൊതുജനങ്ങള്‍ക്ക് ഗാര്‍ഹികവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്കായി വിദഗ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിന് സ്കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് സജീവമാവുന്നു. കാസര്‍കോട് ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന ബേഡഡുക്ക കൗശല്‍ കേന്ദ്രയുടെ നിര്‍മാണോദ്ഘാടനത്തിന്റെ ഭാഗമായി കുണ്ടംകുഴിയില്‍ സ്കില്‍ രജിസ്ട്രേഷന് കാമ്പെയിന് സംഘടിപ്പിക്കും.
ഫെബ്രുവരി 17ന് രാവിലെ 10 മുതല്‍ 12 മണിവരെ പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും രജിസ്ട്രേഷന് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും. സംസ്ഥാനത്ത് നൈപുണ്യവികസന ദൗത്യം നിറവേറ്റുന്ന കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സ് (കെയിസ്) വികസിപ്പിച്ച ഈ മൊബൈല്‍ ആപ്പില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് സേവന ദാതാക്കളായും സേവനം ആവശ്യമുള്ളവര്‍ക്ക് ഉപഭോക്താക്കളായും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പഞ്ചായത്ത് വകുപ്പ്, കുടുംബശ്രീ, വ്യവസായ പരിശീലന വകുപ്പ് എന്നിവയുമായി സഹകരിച്ചുകൊണ്ട് കെയിസ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ വിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴില്‍ അവസരം സ്വന്തമായി തന്നെ കണ്ടെത്താനും കഴിയും.
രജിസ്ട്രേഷന് പ്രക്രിയ വളരെ എളുപ്പം
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി സ്കില്‍ രജിസ്ട്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത്, അടിസ്ഥാന വിവരങ്ങള്‍ നല്കി തൊഴിലാളിയായോ തൊഴില്‍ ദായകനായോ രജിസ്റ്റര്‍ ചെയ്യാം. തൊഴിലാളിയെ തേടുന്നവര്‍ക്ക് അടിസ്ഥാന വിവരങ്ങള്‍ നല്കി രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം. തൊഴില്‍ അന്വേഷകര്‍ അറിയാവുന്ന തൊഴില്‍, കൂലി, തിരിച്ചറിയല്‍ രേഖ എന്നിവ രേഖപ്പെടുത്തണം. പരിശീലനം നേടിയവര്‍ കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റും കോഴ്സില്‍ ചേരാതെ തൊഴില്‍ വൈദഗ്ധ്യം നേടിയവര്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡംഗത്തിന്റെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. ഇടനിലക്കാരില്ലാതെ ദൈനംദിന തൊഴിലുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ആശ്രയിക്കാവുന്ന വേദിയാണ് സ്കില്‍ രജിസ്ട്രി.
എ.സി., വാഷിങ് മെഷീന്, റഫ്രിജറേറ്റര്‍, ഓവന്, ഫാന്‍/അയണ്‍ ബോക്സ്, കംപ്യൂട്ടര്‍, മിക്സര്‍, ഗ്രൈന്‍ഡര്‍ സര്‍വീസും റിപ്പയറും, ഇലക്ട്രീഷ്യന്, പ്ലംബര്‍, കാര്‍പെന്റര്‍, പെയിന്റര്‍, തെങ്ങുകയറ്റക്കാരന്, ഡേ കെയര്‍ (വീട്ടിലെ ശിശുപരിപാലനം), ഡ്രൈവര്‍, ഗാര്‍ഡനിങ്, ലാന്‍ഡ് സ്കേപ്പിങ്, വീട്ടിലെ / ആശുപത്രിയിലെ വയോജന പരിചരണം, പുല്ല് വെട്ടല്‍, വീട് ശുചിയാക്കല്‍, ഹൗസ് കീപ്പിംഗ്, വീട്ടുജോലിക്കാരി, വസ്ത്രമലക്കല്‍ & ഇസ്തിരിയിടല്‍, കല്‍പ്പണി,ചെറിയ നിര്‍മാണ ജോലികള്‍, പുതുക്കിപ്പണിയല്‍, കമ്പോസ്റ്റ് കുഴി, ഉറയിടല്‍, മൊബൈല്‍ ബ്യൂട്ടി പാര്‍ലര്‍ (വീട്ടിലെത്തിയുള്ള സേവനം), സാന്ത്വനം – വീട്ടിലെത്തിയുള്ള ആരോഗ്യ പരിശോധന (ഷുഗര്‍, കൊളസ്ട്രോള്‍, ബി. പി.) ടെലിവിഷന്‍ റിപ്പയറും സ്ഥാപിക്കലും എന്നിങ്ങനെ 24 സേവന മേഖലകളിലെ പ്രധാന സേവനങ്ങളെല്ലാം തന്നെ ഈ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.