കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് അത്യാധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച അമ്മയും കുഞ്ഞും ആശുപത്രി ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചർ നാടിന് സമർപ്പിച്ചു. സ്വകാര്യ ആശുപത്രികളിലെ ചിലവേറിയ ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാരായ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പുതിയ ആശുപത്രിയിൽ ഉറപ്പു വരുത്തിയിട്ടുള്ളതായി ഓൺലൈനില്‍ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി പറഞ്ഞു. ഇതോടനുബന്ധിച്ച് വൈക്കത്ത് നടന്ന ചടങ്ങിൽ സി.കെ.ആശ എം എൽ.എ അധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രീത രാജേഷ്, സിന്ധു സജീവൻ, ബി. ചന്ദ്രശേഖരൻ, എസ്. ഹരിദാസൻ നായർ, ലേഖ ശ്രീകുമാർ, കൗണ്‍സിലര്‍ കെ.പി സതീശൻ, ആർ.എം .ഒ ഡോ. ഷീബ എസ്.കെ., ലേ സെക്രട്ടറി എൻ. പ്രതിഭ എന്നിവർ സംബന്ധിച്ചു. നഗരസഭാ ചെയർ പേഴ്സൺ രേണുക രതീഷ് സ്വാഗതവും വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അനിത ബാബു നന്ദിയും പറഞ്ഞു.