കണ്ണൂർ: വിദ്യാഭ്യാസ വായ്പ നിഷേധിച്ച സംഭവത്തില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് ജനറല്‍ മാനേജരോട് വിശദീകരണം തേടാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിലാണ് നടപടി. ചുങ്കക്കുന്ന് സ്വദേശിയായ വിദ്യാര്‍ഥിക്കായിരുന്നു സിന്‍ഡിക്കേറ്റ് ബാങ്ക് കേളകം ബ്രാഞ്ചില്‍ നിന്ന് വിദ്യാഭ്യാസ വായ്പ നിഷേധിച്ചത്. ബ്രാഞ്ച് പരിധിയിലെ താമസക്കാരനല്ല അപേക്ഷകന്‍ എന്ന കാരണത്താലായിരുന്നു ഇത്. ബാങ്കിന്റെ പരിധിയിലല്ല എന്നതിനാല്‍ ലോണ്‍ നിരസിക്കരുത് എന്ന നിര്‍ദ്ദേശം നിലനില്‍ക്കെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയുടെ സമിതിയില്‍ ജില്ലയില്‍ നിന്നുള്ള ക്രിസ്ത്യന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന പരാതിയില്‍ ന്യൂനപക്ഷ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയ കമ്മീഷന്‍ ക്രിസ്ത്യന്‍ പ്രതിനിധികള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുമെന്നും വ്യക്തമാക്കി. അത്യാസന്നനിലയില്‍ ട്രെയിന്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിക്കും കുടുംബത്തിനും ആവശ്യപ്പെട്ട ബര്‍ത്ത്  ലഭിക്കാതിരിക്കുകയും തിരുവനന്തപുരത്തേക്കുള്ള യാത്രാ മധ്യേ കുട്ടി മരിക്കുകയും ചെയ്ത സംഭവം സംബന്ധിച്ച പരാതിയും കമ്മീഷന്‍ പരിഗണിച്ചു.

ഇത്തരം സാഹചര്യങ്ങളില്‍ മതിയായ യാത്രാ സൗകര്യം ഒരുക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ റെയില്‍വേയ്ക്ക് നിര്‍ദ്ദേശം നല്‍കും.
കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനുശേഷമുള്ള കമ്മീഷന്റെ ആദ്യ സിറ്റിംഗ് ആണ് കണ്ണൂരില്‍ നടന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി 21 പരാതികള്‍ പരിഗണിച്ചു. ഇതില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കി. ശേഷിക്കുന്നവ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. ഇവയ്ക്ക് പുറമെ എട്ട് പുതിയ പരാതികളും കമ്മീഷന് മുമ്പാകെ ലഭിച്ചു. മാര്‍ച്ച് 16 നാണ് അടുത്ത സിറ്റിംഗ്.