എറണാകുളം: ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള കൊച്ചിയിൽ പുരോഗമിക്കുന്നത്. കോ വിഡ് ടെസ്റ്റ് നടത്തുന്നതിനും കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനും ആരോഗ്യ വകുപ്പിൻ്റെ പഴുതടച്ച പ്രവർത്തനങ്ങളാണ് ചലച്ചിത്ര മേളയിൽ ആദ്യാവസാനം നടത്തുന്നത്. ഇതുവരെ നടത്തിയ 1800 ഓളം പരിശോധനകളിൽ അഞ്ചു പേർ മാത്രമാണ് പോസിറ്റീവ് ആയത്.

ആരോഗ്യവകുപ്പിൻ്റെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഉള്ളവർക്കു മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പരിശോധന നടത്തുന്നതിനായി മേളയുടെ പ്രധാന കേന്ദ്രമായ സരിത- സവിത – സംഗീത തീയറ്റർ കോംപ്ലക്സിലാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിനായി 14 നു തന്നെ പരിശോധന ആരംഭിച്ചു. അഞ്ച് കൗണ്ടറുകളാണ് പരിശോധനക്കായി ഏർപ്പെടുത്തിയിരിക്കുന്നത്.

എട്ട് ലാബ് അസിസ്റ്റൻ്റുമാരും ഒരു ഡോക്ടറുടെ സേവനവും ഇവിടെയുണ്ട്. കോവിഡ് പോസിറ്റീവ് ആകുന്നവരെ ആരോഗ്യനില അനുസരിച്ച്‌ മാറ്റുകയാണ് ചെയ്യുന്നത്. കൂടുതൽ ലക്ഷണങ്ങൾ ഉള്ളവരെ ആംബുലൻസിൽ എഫ്.എൽ .ടി .സി കളിലേക്ക് മാറ്റും. വീട്ടിൽ വിശ്രമിക്കേണ്ടവർക്ക് അതിനുള്ള വാഹന സൗകര്യവും ഏർപ്പാടാക്കി നൽകും. ഇവർക്ക് വിശ്രമിക്കാൻ പ്രത്യേക മുറിയും സജ്ജമാക്കിയിട്ടുണ്ട്. ആവശ്യം വേണ്ട ഭക്ഷണവും വെള്ളവും ആരോഗ്യ വകുപ്പ് നൽകും. 14-ാം തീയതി 540 ഉം 15 ന് 440 ഉം 16 ന് 670 ഉം കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതിൽ അഞ്ച് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഇതു കൂടാതെ കോവിഡ് മാനദണ്ഡങ്ങളുടെ പാലനം നിരീക്ഷിക്കുന്നതിനും പ്രത്യേക സംഘമുണ്ട്. ഓരോ പ്രദർശനം കഴിയുമ്പോഴും കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ തീയറ്റർ അണുവിമുക്തമാക്കും. തീയറ്ററിലേക്ക് പ്രവേശിക്കുന്നതിനു മുമ്പും തിരിച്ചിറങ്ങുമ്പോഴും കൈകൾ അണുവിമുക്തമാക്കുന്നതിന് സാനിറ്റൈസറും നൽകുന്നുണ്ട്. ആരോഗ്യ വകുപ്പ് ,നാഷണൽ റൂറൽ ഹെൽത് മിഷൻ ,കേരള ചലച്ചിത്ര അക്കാദമി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.