ഇടുക്കി: ശാന്തന്‍പാറ ഗവണ്മെന്റ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം വൈദ്യുതി വകുപ്പു മന്ത്രി എം.എം മണി നിര്‍വ്വഹിച്ചു. ഇടുക്കിയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ചാണ് ശാന്തന്‍പാറയില്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് അനുവദിച്ചതെന്നും തമിഴ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കോഴ്സുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ശിലാസ്ഥാപനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു. പൂപ്പാറ വില്ലേജില്‍പെട്ട 3 എക്കര്‍ 43 സെന്റ് സ്ഥലത്താണ് കോളേജ് നിര്‍മ്മിക്കുന്നത്. 2018 ഓഗസ്റ്റ് 18നാണ് കോളേജ് അനുവദിച്ചത്. നിലവില്‍ ബി.എ ഇംഗ്ലീഷ്, ബികോം, ബി എസ് സി മാത്തമാറ്റിക്സ് ബിരുദ കോഴ്സുകളിലായി 245 വിദ്യാര്‍ത്ഥികളുണ്ട്. ഈ വര്‍ഷം എം.കോം ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ ബിരുദാനന്തര ബിരുദ കോഴ്സിന് 20 സീറ്റുകളും അനുവദിച്ചിട്ടുണ്ട്. കോളേജ് നിര്‍മ്മാണത്തിന് 10 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
എസ്റ്റേറ്റ് പൂപ്പാറ ജംഗ്ഷനില്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജെ ഷൈന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സജികുമാര്‍, രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനു, രാജക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ആര് ജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ജോബിന് സഹദേവന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്പോണ്സറിംഗ് കമ്മിറ്റി ചെയര്മാന് സേനാപതി ശശി സ്വാഗതവും, ലിജു വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി.
ചിത്രം; ശാന്തന്‍പാറ ഗവ.കോളേജിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് മന്ത്രി എംഎം മണി സംസാരിക്കുന്നു
#ഇനിയുംമുന്നോട്ട്
#santhanpara