മലപ്പുറം: പൊന്നാനി ഇമ്പിച്ചിബാവ മെമ്മോറിയല്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍  ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്തെ  ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഈ കാലയളവില്‍ സൃഷ്ടിക്കാനായെന്നും ഇതിന്റെ ഫലമായാണ് കേരളത്തിന്റെ ആരോഗ്യമേഖലയെ രാജ്യമാകെ അംഗീകരിക്കുന്ന അവസ്ഥ സംജാതമായതെന്നും ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയുടെ കാലാനുസൃതമായ മുന്നേറ്റത്തിനാണ് ആര്‍ദ്രം മിഷന് രൂപം കൊടുത്തത്. ഇതിലൂടെ ഒരു ഭാഗത്ത് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായപ്പോള്‍ മറുഭാഗത്ത് താലൂക്കാശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരാനായി. 44 ഡയാലിസിസ് സെന്ററുകള്‍, പത്ത് കാത്ത്ലാബുകള്‍ എന്നിവ സ്ഥാപിച്ചു. സാധാരണക്കാര്‍ക്ക് ഇത് ഏറെ ഉപകാര പ്രദമായതായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷയായി. ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നിരവധി നൂതന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിനു പുറമെ  ആധുനിക ചികിത്സാ ഉപകരണങ്ങള്‍ സജ്ജീകരിച്ചത് മികച്ച ചികിത്സയ്ക്ക് വഴിതെളിക്കുകയും കിഫ്  ബിയിലൂടെ പണം ലഭ്യമായത് ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി. ഗവണ്‍മെന്റ് പ്രഖ്യാപിച്ച നാല് മിഷനുകള്‍ പടിപടിയായി യാഥാര്‍ത്ഥ്യമാകുന്നതിന്റെ ഒരു അപൂര്‍വമായ കാഴ്ചക്കാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്നും പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് കെട്ടിടം വരുന്നതോടെ ആശുപത്രി കൂടുതല്‍ മികച്ചതാവുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. പൊന്നാനി ഇമ്പിച്ചിബാവ മെമ്മോറിയല്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ശിലാഫലകം സ്ഥാപനം സ്പീക്കര്‍ നിര്‍വഹിച്ചു.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി ചെലവില്‍ നാല് നിലകളിലാണ് പുതിയ ബ്ലോക്ക് നിര്‍മിക്കുന്നത്. താഴത്തെ നിലയില്‍ ക്യാഷല്‍റ്റി, ട്രോമാകെയര്‍, ഒബ്‌സെര്‍വേഷന്‍ വാര്‍ഡ്, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയും മുകളിലത്തെ നിലകളിലായി ഐസിയു, ഓപ്പറേഷന്‍ തിയേറ്റര്‍,. ദന്തല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, എക്‌സ് – റേ യൂനിറ്റ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധികളില്‍ നിന്ന് മുന്നേറുന്ന  പൊന്നാനി താലൂക്ക് ആശുപത്രിയ്ക്ക് തുടര്‍ച്ചയായി രണ്ടാം തവണയും  കായ കല്‍പ്പ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ചടങ്ങില്‍ പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഷീന സുദേശന്‍, രജീഷ് ഊപ്പാല, ഒ.ഒ ഷംസു, വാര്‍ഡ് കൗണ്‍സിലര്‍മാരായ അജീന ജബ്ബാര്‍, എച്ച്.എം.സി അംഗം  ടി.ദാമോദരന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷാജ് കുമാര്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. ആശ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.