നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
തൃശ്ശൂർ: മധ്യ കേരളത്തിലെ സർക്കാർ മേഖലയിൽ വരുന്ന ആദ്യത്തെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് തൃശൂർ മെഡിക്കൽ കോളേജിൽ ഒരുങ്ങുന്നു. സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് കെ രാജൻ,അനിൽ അക്കര എം എൽ എ, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ടി വി സതീശൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എം എ ആൻഡ്രൂസ്, സൂപ്രണ്ട് ആർ ബിജു കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
മെഡിക്കൽ കോളേജിന്റെ സ്ഥാപനത്തിന് ശേഷം നിർമ്മിക്കുന്ന ഏറ്റവും വലിയ കെട്ടിട സമുച്ചയമാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനായി ഒരുങ്ങുന്നത്. 38246 സ്ക്വയർ ഫീറ്റിൽ ഒൻപത് നിലകളുള്ള കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 277.2 രൂപ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.ആദ്യഘട്ടത്തിൽ 153. 2 രൂപ കിഫ്ബി ഫണ്ട് അനുവദിച്ചിരിക്കുന്നു.300 സൂപ്പർ സ്പെഷ്യാലിറ്റി ബെഡുകൾ,38 ഡയാലിസിസ് ബെഡുകൾ,126 ഐ സി യു, എച്ച് ഡി യു ബെഡുകൾ,28 ഐസൊലേക്ഷൻ റൂമുകൾ, ഒ പി റൂമുകൾ,16 ഓപ്പറേഷൻ തിയ്യറ്ററുകൾ എന്നിവയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ സൗകര്യങ്ങൾ. ലോകോത്തര നിലവാരത്തിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി വാർഡുകൾ, മികച്ച ലാബ് സൗകര്യം എന്നിവയുമുണ്ടാകും.
കാർഡിയോളജി, കാർഡിയോ തൊറാസിക്ക്വിഭാഗം, ന്യൂറോ സർജറി, ന്യൂറോളജി വിഭാഗം, സ്ട്രോക്ക് യൂണിറ്റ്, ഗ്യാസ്ട്രോ എൻട്രോളജി, ഗ്യാസ്ട്രോ സർജറി എന്നി വിഭാഗങ്ങളും നെഫ്രോളജി, യൂറോളജി, ഡയാലിസിസ് വിഭാഗങ്ങളും പൾമണോള ജി വിഭാഗവും പുതിയ ബ്ലോക്കിൽ ഉണ്ടാവും.അവയവ മാറ്റ ശാസ്ത്രക്രിയ വിഭാഗത്തിനുള്ള സൗകര്യങ്ങൾക്കായി ഒരു നില തന്നെ സജ്ജീകരിക്കും.