ഇടുക്കി: പാറമട- ചെറുതോണി റോഡ് ഉദ്ഘാടനം ചെയ്തു
മറ്റ് വിവിധ റോഡുകളുടെ നിര്‍മാണത്തിനു തുടക്കം

തൊടുപുഴ-പുളിയന്‍മല സംസ്ഥാനപാതയുടെ ഭാഗമായ പാറമട-ചെറുതോണി റോഡിന്റെ ഉദ്ഘാടനവും ചെറുതോണി ടൗണ്‍ സൗന്ദര്യവത്കരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനവും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. വൈദ്യുതി മന്ത്രി എം.എം മണി അദ്ധ്യക്ഷനായി. പ്രാദേശിക ഉദ്ഘാടനത്തിന്റെ ഭാഗമായി ശിലാഫലകവും മന്ത്രി എം.എം മണി അനാച്ഛാദനം ചെയ്തു. ജില്ലയുടെ വികസനത്തിന് പൊതുമരാമത്ത് വകുപ്പിന്റ നേതൃത്വത്തില്‍ കിഫ്ബി മുഖേന നിരവധി റോഡുകളുടെ നിര്‍മ്മാണ-നവീകരണ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് യോഗത്തിന് അദ്ധ്യക്ഷ വഹിച്ചുകൊണ്ട് മന്ത്രി എംഎം മണി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം കാര്യക്ഷമമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. മണ്ഡലങ്ങളിള്‍ ഒതുങ്ങി നില്‍ക്കുന്നതും വിവിധ മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന റോഡുകള്‍ക്കായി കോടിക്കണക്കിന് രൂപ ജില്ലയില്‍ ചിലവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിലടക്കം ജില്ല വികസന പാതയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ പാറമട മുതല്‍ ചെറുതോണി വരെയുള്ള ഭാഗം രണ്ട് റീച്ചുകളായി 18 കിലോമീറ്റര്‍ ദൂരം 21 കോടി രൂപ ചിലവിട്ട് ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 7 മീറ്റര്‍ വീതിയില്‍ ബിഎംബിസി ടാറിംഗും, വെള്ളക്കെട്ടുകള്‍ ഉള്ളയിടത്ത് ടൈല്‍ വിരിച്ചും, അപകട സാധ്യത പ്രദേശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിക്കുകയും, ഐറിഷ് ഡ്രെയിനേജ് സംവിധാനം, ക്രാഷ് ബാരിയര്‍, റോഡ് മാര്‍ക്കിംഗ്, ഡെലിനേറ്റേഴ്സ് സ്റ്റഡ് എന്നിവയടക്കം ആധുനിക ഗുണനിലവാരത്തിലാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടുള്ളത്. ചെറുതോണി ടൗണ്‍ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി ടൗണ്‍ മുതല്‍ മെഡിക്കല്‍ കോളേജ് ജംഗ്ഷന്‍ വരെ വീതി കൂട്ടി നവീകരിച്ച് മനോഹരമാക്കുന്നതിന് 5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ചെറുതോണി ജംഗ്ഷനില്‍ സംഘടിപ്പിച്ച യോഗത്തില്‍ റോഷി അഗസ്റ്റ്യന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം കെജി സത്യന്‍, മുന്‍ എം എല്‍ എ കെ.കെ ജയചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ദ്യക്ഷന്‍ സി.വി വര്‍ഗീസ് തുടങ്ങി നിരവധി പേര്‍ സന്നിഹിതരായി. പൊതുമരാമത്ത് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ ജാഫര്‍ഖാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ കെ.കെ ഷാമോന്‍ നന്ദി രേഖപ്പെടുത്തി.