ഇടുക്കി: മൂന്നാര്‍ എഞ്ചിനിയറിംങ്ങ് കോളേജ് ക്യാമ്പസില്‍ ആരംഭിച്ച മദ്രാസ് ഐ ഐ ടിയുടെ കാലാവസ്ഥ വ്യതിയാന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. എസ് രാജേന്ദ്രന്‍ എം എൽ എ കേന്ദ്രം നാടിന് സമര്‍പ്പിച്ചു.

മുന്‍കാല അനുഭവങ്ങള്‍ വിലയിരുത്തിയാല്‍ മൂന്നാറില്‍ ഇത്തരത്തിലൊരു സ്ഥാപനം ലഭ്യമായത് ഭാവിയില്‍ ഒട്ടേറെ അപകടങ്ങളെ തരണം ചെയ്യാന്‍ സഹായിക്കുമെന്ന് കരുതുന്നതായി എം എല്‍ എ പറഞ്ഞു.മൂന്നാര്‍ എഞ്ചിനിയറിംങ്ങ് കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ക്രമീകരിച്ചിരുന്നത്.മനുഷ്യ ഇടപെടലിലൂടെ ഉണ്ടാകുന്ന കാലാവസ്ഥ മാറ്റങ്ങളെ കൃത്യമായ സമയക്രമം അനുസരിച്ച് നിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കുവാനാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്.

നാച്ചുറല്‍ എയ്‌റോസോള്‍ ആന്റ് ബയോ എയറോസോള്‍ ഹൈ ആള്‍റ്റിറ്റിയൂട്ട് ലബോറട്ടി എന്ന് നാമകരണം ചെയ്തിരിക്കുന്ന ഗവേഷണകേന്ദ്രത്തിനായുള്ള കെട്ടിടവും അനുബന്ധ സജ്ജീകരണങ്ങളും ഐ ഐ റ്റി മദ്രാസ് ആണ് ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ ഐ ഐ റ്റി മദ്രാസും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസ് കോട്ടയവും തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചു.മനുഷ്യ ഇടപെടലിലൂടെ ഉണ്ടാകുന്ന കാലാവസ്ഥ മാറ്റങ്ങളെ കൃത്യമായ സമയക്രമം അനുസരിച്ച് നിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കുവാന്‍ ആണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്.

മൂന്നാറില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മുഖ്യശാസ്ത്ര ഉപദേഷ്ടാവ് എം ചന്ദ്രദത്തന്‍ ഓണ്‍ലൈനായി പങ്കെടുത്തു.കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ പി സുധീര്‍, ഐ ഐ ടി മദ്രാസിലെ ഡീന്‍ പ്രൊഫ. രവീന്ദ്രനാഥ് ഗട്ടു, മൂന്നാര്‍ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ജയരാജു മാധവന്‍, മദ്രാസ് സിവില്‍ വിഭാഗം മേധാവി പ്രൊഫസര്‍ മനു സന്താനം തുടങ്ങിയവര്‍ സംസാരിച്ചു. മദ്രാസ് ഐ ഐ റ്റി പ്രൊഫ. സച്ചിന്‍ എസ് ഗുന്തെ, മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജിലെ സിവില്‍ എഞ്ചിനിയറിംഗ് വിഭാഗം പ്രൊഫ്. ബിജു സി വി എന്നിവരാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.