സര്‍ക്കാര്‍ കായിക സംസ്‌കാരം വളര്‍ത്തി: മന്ത്രി ഇ പി ജയരാജന്‍

തൃശ്ശൂർ: സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ കായിക സംസ്‌കാരം വളര്‍ത്തിയെന്ന് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലോക നിലവാരമുള്ള കളിക്കളങ്ങള്‍ സംസ്ഥാനത്തുണ്ടാക്കാന്‍ സര്‍ക്കാരിനായി. ഇതിലൂടെ ഒട്ടേറെ പ്രതിഭകള്‍ക്ക് വളരാന്‍ അവസരമുണ്ടാക്കി. കാലങ്ങളായി കായിക രംഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സര്‍ക്കര്‍ ശ്രമിച്ചതോടെ കായികരംഗംത്ത് സ്വപ്നം കാണാന്‍ കഴിയാത്ത ഏറെ മാറ്റങ്ങളുണ്ടാക്കിയതായും മന്ത്രി പറഞ്ഞു.വിവിധ കായിക ഇനങ്ങള്‍ക്കുള്ള സ്റ്റേഡിയങ്ങള്‍, സിന്തറ്റിക് ട്രാക്കുകള്‍ എന്നിവയും നിര്‍മിച്ചു. 498 കായിക പ്രതിഭകള്‍ക്ക് ഈ സര്‍ക്കാര്‍ ജോലി നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ മേഖലയിലും പ്രചാരമുള്ള കായികയിനങ്ങള്‍ വളര്‍ത്താല്‍ ശ്രമിച്ചു. 13 സ്റ്റേഡിയങ്ങള്‍ നാടിനു സമര്‍പ്പിച്ചു. കളിക്കളങ്ങള്‍ നല്ല രീതിയില്‍ പരിപോഷിപ്പിക്കണം. മുഴുവന്‍ ജനങ്ങളെയും കളിക്കളത്തിലേക്ക് ആകര്‍ഷിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, കായിക വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബി അജിത് കുമാര്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, നഗരസഭ വൈസ് ചെയര്‍മാന്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ആര്‍ സാംബശിവന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുന്നംകുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍മാണം പൂര്‍ത്തിയായ ഫുട്‌ബോള്‍ മൈതാനത്തിന് ചുറ്റുമാണ് 7 കോടി രൂപ ചെലവില്‍ 400 മീറ്റര്‍ നീളത്തില്‍ ട്രാക്ക് നിര്‍മിക്കുക. 8 ലൈന്‍ ട്രാക്കിന് പുറമേ ജംപിങ് പിറ്റ്, സുരക്ഷാവേലി, പവലിയന്‍, ഡ്രസിങ് റൂമുകള്‍ ടോയ്ലറ്റ് സൗകര്യം എന്നിവയും ഒരുക്കും. സംസ്ഥാന കായിക വകുപ്പിനാണ് നിര്‍മാണ ചുമതല.