അന്താരാഷ്ട്ര നിലവാരം: പ്രവൃത്തി തുടങ്ങുന്ന
ജില്ലയിലെ ആദ്യ സ്കൂളായി കരിവെള്ളൂര്‍
പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ വികസനത്തിന് ഒന്നും തടസ്സമാവരുതെന്നാണ് സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള തീരുമാനമെന്ന് സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ കരിവെള്ളൂര്‍ എ.വി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള അക്കാദമിക് കാമ്പസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
7,000 കോടി രൂപ ചെലവഴിച്ച് 4500 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്ത് തന്നെ ആദ്യമായിട്ടായിരിക്കും സ്കൂളുകള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍, പ്രത്യേകിച്ച് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്. മിടുക്കുതെളിയിച്ച, ഏറ്റവും മികച്ച അധ്യാപകരുള്ളത് സര്‍ക്കാര്‍ സ്കൂളുകളിലാണ്. പക്ഷേ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമായിരുന്നു പ്രശ്നം. ഇത് പരിഹരിക്കാനാണ് ഖജനാവിന്റെ സ്ഥിതി പോലും പ്രശ്നമാക്കാതെ ഗവ. സ്കൂളുകളുടെ നിലവാരമുയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു നിയോജക മണ്ഡലത്തിലെ ഒരു ഹൈസ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കുക എന്ന പദ്ധതിക്ക് കണ്ണൂര്‍ ജില്ലയില്‍ തുടക്കം കുറിക്കുന്നത് കരിവെള്ളൂരിലാണെന്നും മന്ത്രി പറഞ്ഞു.
സി. കൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് നിര്‍മാണച്ചുമതല ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോ ഓപറേറ്റീവ് സൊസൈറ്റിക്ക് അനുമതിപത്രം കൈമാറി. കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാഘവന്, ജില്ലാ പഞ്ചായത്തംഗം പി. ജാനകി ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്പേഴ്സന് സി.കെ. നിര്‍മല, കണ്ണൂര്‍ ഡി.ഡി.ഇ സി.ഐ വത്സല, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. അജിത, വിദ്യാലയ വികസന സമിതി വര്‍ക്കിംഗ് ചെയര്മാന് ഇ.പി. കരുണാകരന്, എച്ച്.എം. ഇന്‍ ചാര്‍ജ് എം.വി. രാധാകൃഷ്ണന്, വിവിധ കക്ഷി നേതാക്കളായ കെ.പി. മധു, കെ. വിജയന് മാസ്റ്റര്‍, കെ.ഇ. മുകുന്ദന് മാസ്റ്റര്‍, എ.വി. ബാലന് മാസ്റ്റര്‍, എ.വി. മാധവന്, എന്‍.വി രവീന്ദ്രന്, കെ. നാരായണന്, പി.ടി.എ പ്രസിഡന്റ് വി.വി. പ്രദീപന് എന്നിവര്‍ സംസാരിച്ചു.
20 കോടി രൂപ ചെലവിലാണ് സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നത്. ശിലാസ്ഥാപനം നിര്‍വഹിച്ച അക്കാദമിക് കാമ്പസിന് ഏഴ് കോടി 30 ലക്ഷം രൂപയാണ് ചെലവ്. ഇതില്‍ അഞ്ച് കോടി കിഫ്ബി വഴി സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.