വീടും സ്ഥാപനങ്ങളും പൊതുഇടങ്ങളും മാലിന്യ മുക്തമാക്കി പകര്‍ച്ചവ്യാധികളെ തടയുക, മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും ശാസ്ത്രീയമായി സംസ്‌കരണം നടത്തുന്നതിനും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുക, ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി വാതില്‍പ്പടി ശേഖരണം നടത്തുക, ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുക, അതിനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക, എല്ലാ ഞായറാഴ്ചയും ഡ്രൈഡേ ആചരിക്കുന്നതിലൂടെ കൊതുകു വിമുക്ത വീടുകള്‍ എന്ന ആശയം നടപ്പിലാക്കുക, 50 വീടുകളെയും സ്ഥാപനങ്ങളെയും ഒരു ക്ലസ്റ്റര്‍ ആക്കി മാറ്റി ഓരോ ക്ലസ്റ്ററിനും നാല് അംഗങ്ങള്‍ വീതമുള്ള ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ശുചിത്വ മാപ്പിങും മൈക്രോ ലെവല്‍ കര്‍മ്മ പരിപാടികളും വാര്‍ഡുതലത്തില്‍ ഏറ്റെടുക്കുക, വാര്‍ഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതിയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മസേന പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ക്യാമ്പയിന്‍ ഏറ്റെടുക്കുക, എല്ലാ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം കൃത്യമായി ഹരിത കര്‍മ്മസേനക്ക് യൂസര്‍ ഫീ നല്‍കി കൈമാറുക എന്നിവയാണ് ക്യാമ്പയിനിന്റെ പ്രവര്‍ത്തന ലക്ഷ്യം.
മലപ്പുറം:പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെയും മഴക്കാല പൂര്‍വ ശുചീകരണത്തിന്റെയും ഭാഗമായി ജില്ലയില്‍ ‘ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം’ എന്ന പേരില്‍ ആരോഗ്യ ജാഗ്രത – പകര്‍ച്ച വ്യാധി പ്രതിരോധ യജ്ഞം സംഘടിപ്പിക്കുന്നു. ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെയും ബന്ധപ്പെട്ട ഇതര വകുപ്പുകളുടെയും ഏജന്‍സികളുടെയും ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ ബഹുജന പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചു മാലിന്യ സംസ്‌കരണ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളും നടത്തും. ഗാര്‍ഹികതലം, സ്ഥാപന തലം, പൊതുതലം എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് ക്യാമ്പയിന്‍ നടത്തുന്നത്.
പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും നഗരസഭാ ചെയര്‍മാന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ക്കും ശില്‍പശാല സംഘടിപ്പിച്ചു. ഒറ്റത്തവണയുള്ള ശുചീകരണത്തിലുപരി തുടര്‍ന്നും ശുചിത്വം നിലനിര്‍ത്തുന്ന തരത്തിലുള്ള കര്‍മ്മ പദ്ധതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രൂപം നല്‍കണമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ് അിറയിച്ചു. എന്‍.എച്ച്.എം ഡി.പി.എം ഡോ.ഷിബുലാല്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.വി.എസ് ജിതിന്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഒ. ജ്യോതിഷ് എന്നിവര്‍ ക്ലാസുകളെടുത്തു.