തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നടപടികള്‍ കര്‍ശനമാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ബുള്ളറ്റിന്‍ പ്രകാരം തീവ്ര, അതിതീവ്ര രോഗബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരുപതോളം സെക്ടറല്‍ മജിസ്ട്രേറ്റുമാരെയാണു ജില്ലയില്‍ നിയോഗിച്ചിരിക്കുന്നത്. ഇവര്‍ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പൊതുസ്ഥലങ്ങില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കും. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്യും. 24 മണിക്കൂറിനുള്ളില്‍ 121 നിയമലംഘനങ്ങളാണു ജില്ലയില്‍ കണ്ടെത്തിയത്.
പൊതുജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷണിയിലൂടെ ജാഗ്രതാ സന്ദേശങ്ങള്‍ നല്‍കുന്നതിനു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളിലും പൊതുയോഗങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്നു പൊലീസ് ഉറപ്പാക്കണം. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, തെരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്‌ക്വാഡ് എന്നിവര്‍ക്കും ഇക്കാര്യത്തില്‍ പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. പ്രചാരണ പരിപാടികളിലും യോഗങ്ങളിലും കോവിഡ് ജാഗ്രതാ സന്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.