ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിനോടാനുബന്ധിച്ചു മറ്റൊരിടത്ത് തിരഞ്ഞെടുപ്പു ജോലികൾക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനുള്ള സംവിധാനമായ തപാൽ വോട്ടിനു അപേക്ഷ സമർപ്പിക്കാം. ഉദ്യോഗസ്ഥന്റെ പേര് ഉൾപ്പെട്ടിട്ടുള്ള നിയമസഭ മണ്ഡലത്തിലെ വരണാധികാരിക്ക് ഫോം 12ലെ അപേക്ഷ പൂരിപ്പിച്ചു ഇലക്ഷൻ ഡ്യൂട്ടി ഓർഡറുമായി ഏപ്രില്‍ നാലു വരെ സമർപ്പിക്കാം.
ഫോമിൽ പേര്, മണ്ഡലത്തിന്റെ പേരും നമ്പറും, പട്ടികയുടെ പാർട്ട് നമ്പർ, പട്ടികയിലെ ക്രമനമ്പർ, തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട മണ്ഡലത്തിലെ നമ്പർ പേര്, തപാൽ ബാലറ്റ് അയച്ചു നൽകേണ്ട വിലാസം എന്നിവ ശരിയായി എഴുതിയിരിക്കണം. ഇപ്രകാരം ലഭിക്കുന്ന രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥരുടെ പേര് ഉൾപ്പെട്ട മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ അദ്ദേഹത്തിന് തപാൽ ബാലറ്റ് അനുവദിക്കുന്നു. അപേക്ഷയില്‍ നൽകിയിരിക്കുന്ന വിലാസത്തിലേക്കാണ് ബാലറ്റ് അയക്കുക. ഇതിൽ ബാലറ്റിനൊപ്പം ഫോം 13എ മാതൃകയിലുള്ള പ്രഖ്യാപനം, 13ബി മാതൃകയിലുള്ള ചെറിയ കവർ,13സി മാതൃകയിലുള്ള വലിയ കവർ,13ഡി മാതൃകയിലുള്ള നിർദ്ദേശങ്ങൾ എന്നിവ ഉണ്ടാകും.
ഏതെങ്കിലും ഗസറ്റഡ് ഉദ്യോഗസ്ഥർ മുമ്പാകെയാണ് തപാൽ വോട്ട് ലഭിച്ച ഉദ്യോഗസ്ഥൻ 13എ പൂരിപ്പിച്ചു ഒപ്പ് വെയ്ക്കേണ്ടത്. ഇദ്ദേഹത്തിന്റെ ഒപ്പ് ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്നു. തുടർന്ന് തപാൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തി കവറിനു പുറത്ത് റിട്ടേണിങ് ഓഫീസറുടെ കൃത്യമായ വിലാസം രേഖപ്പെടുത്തി പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കാം. അല്ലെങ്കിൽ റിട്ടേണിങ് ഓഫീസറുടെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ള ഡ്രോപ്പ് ബോക്സിൽ നിക്ഷേപിക്കാം.
രണ്ടു തരം തപാൽ വോട്ടുകൾ ഉണ്ട്. തപാൽ വോട്ട്, ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ്. ഉദ്യോഗസ്ഥരുടെ പേര് ഉൾപ്പെട്ട മണ്ഡലത്തിലെ ഒരു ബൂത്തിൽ ആണ് അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് ജോലിയെങ്കിൽ അദ്ദേഹം ജോലിചെയ്യുന്ന ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ മുമ്പാകെ ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അതെ ബൂത്തിൽ തന്നെ സ്വന്തം വോട്ട് രേഖപ്പെടുത്താൻ സാധിക്കും. ബൂത്തിലെ രേഖകളിൽ മതിയായ രേഖപ്പെടുത്തലുകൾ പ്രിസൈഡിംഗ് ഓഫീസർ നടത്തണം.
വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുന്നതിനു മുമ്പ് വരെ പോസ്റ്റൽ വോട്ട് സമർപ്പിക്കാം. ഈ സമയത്തിനു ശേഷം ലഭിക്കുന്ന ഒരു തപാൽ വോട്ടും വോട്ടെണ്ണലിൽ ഉൾപ്പെടുത്തില്ല. ഇവ ലഭിച്ച സമയം ഉൾപ്പെടെയുള്ള കാരണം എഴുതി വലിയ കവറിലാക്കി മാറ്റി സൂക്ഷിക്കും.