കാസർഗോഡ്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിങ്കളാഴ്ച ആളുകള്‍ കൂട്ടം കൂടുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഉപ്പളയിലെ വസ്ത്ര സ്ഥാപന ഉടമക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഉപ്പള മലബാര്‍ വെഡിംഗ് സെന്റര്‍ ഉടമക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി കൂട്ടം കൂടുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിനു പുറമേ മറ്റു വകുപ്പുകള്‍ കൂടി ചേര്‍ത്ത് നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

മടക്കര ഹാര്‍ബര്‍ മാവിലാകടപ്പുറം എന്നിവിടങ്ങളിലും നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നിയമ ലംഘനങ്ങള്‍ കണ്ടെത്താനും ബോധവത്കരണത്തിനും 50 പാരാലീഗല്‍ വളണ്ടിയര്‍മാരെ ജില്ലയില്‍ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.