കാസർഗോഡ്: കോവിഡ് വാക്സിനേഷന് ആരോഗ്യ വകുപ്പിനൊപ്പം കൈ കോര്‍ത്ത് സാമൂഹ്യ നീതി വകുപ്പും. ജില്ലയിലെ 14 വൃദ്ധമന്ദിരങ്ങളിലും അഞ്ച് മാനസിക സാമൂഹ്യ പുനരധിവാസ കേന്ദ്രങ്ങളിലും വാക്സിനേഷന് പൂര്‍ത്തിയായി. ഇവിടങ്ങളിലെ അന്തേവാസികളായ 886 പേര്‍ക്കാണ് വാക്സിന് ലഭ്യമാക്കിയത്.
ഒപ്പം ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള ഭിന്നശേഷിക്കാരുടെ വാക്സിന് രജിസ്ട്രേഷനും പൂര്‍ത്തിയാക്കി.സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയായിരുന്നു മെഗാ രജിസ്ട്രേഷന് ഡ്രൈവ്.
മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും പ്രത്യേകം ഹെല്പ് ഡെസ്കുകള്‍ സ്ഥാപിച്ച് ഒരാഴ്ച കൊണ്ടാണ് ഭിന്നശേഷിക്കാര്‍ക്കുള്ള രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയത്. ഭിന്നശേഷിയുടെ തോത് അനുസരിച്ച് മുന്‍ഗന പട്ടിക തയ്യാറാക്കിയാണ് വാക്സിനേഷന് നല്‍കുന്നത്. തയ്യാറാക്കിയ മുന്‍ഗണനാ പട്ടിക പ്രകാരം നഗരസഭകളില്‍ വാക്സിനേഷനും ആരംഭിച്ചു.
പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് വരും ദിവസങ്ങളില്‍ വാക്സിന് നല്‍കിതുടങ്ങും. മുന്‍ഗണന അനുസരിച്ച് വീടുകളില്‍ എത്തിയും പ്രത്യേക വാക്സിനേഷന് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചും, ഏറ്റവും അടുത്ത വാക്സിനേഷന് കേന്ദ്രത്തില്‍ എത്തി വാക്സിന് സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയുമാണ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
സവിശേഷ പരിഗണന ലഭിക്കേണ്ട 6000ലധികം ആളുകളാണ് ജില്ലയിലുള്ളത്. ജില്ലാ ഭരണകൂടത്തിന്റെ വി ഡിസര്‍വ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ചലന വൈകല്യം ഉള്ള 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ബഹുവൈകല്യം, ബൗദ്ധിക വെല്ലുവിളി എന്നിവ നേരിടുന്നവര്‍, മസ്കുലര്‍ ഡിസ്ട്രോഫി ഉള്ളവര്‍, പൂര്‍ണ ശയ്യാവലംബര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ വാക്സിനേഷനുള്ള കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ റൂട്ട് മാപ്പ് തയ്യാറാക്കി ആരോഗ്യ വകുപ്പിന് കൈമാറി.
കാസര്‍കോട് ഗവ. കോളേജ്, എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജ്, പീപ്പിള്‍സ് കോളേജ് മുന്നാട്, ഗവ. കോളേജ് ഉദുമ എന്നിവിടങ്ങളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് രജിസട്രേഷന് ഡ്രൈവില്‍ സഹായിച്ചത്. ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസര്‍ ഷീബ മുംതാസ്, കേരള സാമൂഹ്യ സുരക്ഷാ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജിഷോ ജയിംസ്, കോ ഓര്‍ഡിനേറ്റര്‍മാരായ സി.രാജേഷ്, മുഹമ്മദ് അഷ്റഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭിന്നശേഷിക്കാരുടെ രജിസ്ട്രേഷന് പൂര്‍ത്തീകരിച്ചത്.