പാലക്കാട്‌: ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ഓൺലൈൻ പഠനം സജീവമാക്കാൻ അധ്യാപക സംഗമങ്ങൾ സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡയറ്റ്, എസ്.എസ്.കെ, കൈറ്റ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, വിജയശ്രീ തുടങ്ങിയ പദ്ധതികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓൺലൈൻ പഠനത്തിനായി ഡയറ്റ് രൂപംകൊടുത്ത ‘ഇന്റർ ബെൽ’ ഓൺലൈൻ അധ്യാപക കൂട്ടായ്മകളാണ് സംഗമങ്ങൾക്ക് വേദിയൊരുക്കുന്നത് .
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഓൺലൈനായി നിർവഹിച്ചു. ഒരു വർഷത്തെ ഓൺലൈൻ പഠനത്തിൽ നിന്നുണ്ടായ തിരിച്ചറിവുകൾ, രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകേണ്ട സാമൂഹികവും മാനസികവുമായ പിന്തുണ, വീട് ഒരു വിദ്യാലയം പദ്ധതി, കുട്ടികളുടെ സജീവത നിലനിർത്താനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് ജില്ലയിലെ പ്രീ- പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ അധ്യാപകർ ഓൺലൈൻ സംഗമങ്ങളിൽ ചർച്ച ചെയ്യുമെന്ന് ഡയറ്റ് പ്രിൻസിപ്പാൾ ഡോ.പി.ശശിധരൻ, ഇന്റെർ ബെൽ ജില്ലാ കോഡിനേറ്റർ ഡോ. വി.ടി.ജയറാം എന്നിവർ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷാബിറ ടീച്ചർ, വിദ്യാഭ്യാസ ഉപഡയറക്ടർ പി. കൃഷ്ണൻ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ- ഓഡിനേറ്റർ എം.നൗഷാദലി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ- ഓഡിനേറ്റർ ടി.ജയപ്രകാശ്, വിജയശ്രീ ജില്ലാ കോ- ഓഡിനേറ്റർ വേണു പുഞ്ചപ്പാടം എന്നിവർ അധ്യാപകരുമായി സംവദിക്കും.