ആലപ്പുഴ: ജില്ലാ ഭരണക്കൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന ആരോഗ്യ ബോധവത്ക്കരണ പരിപാടിയാണ് ‘ആരോഗ്യ പാഠം’. പദ്ധതിയുടെ അവതരണ ഗാനത്തിന്റെ പ്രകാശനവും, ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരിയും ജില്ലാ കളക്ടർ എ.അലക്സാണ്ടറും സംയുക്തമായി നിർവഹിച്ചു. ആരോഗ്യ പൂർണ്ണമായ നാളുകൾക്കായി ശരിയായ അറിവും മനോഭാവവും കുട്ടികളിലൂടെ കുടുംബത്തിലേയ്ക്കും സമൂഹത്തിനുമായി കൈമാറ്റം ചെയ്യുക എന്ന ലക്ഷ്യമാണ് ‘ആരോഗ്യ പാഠം’ മുന്നോട്ടു വയ്ക്കുന്നത്.
കോവിഡ് പ്രതിരോധ പാഠങ്ങൾ, മറ്റു പകർച്ച വ്യാധികൾ, ജീവിതശൈലി രോഗങ്ങൾ തുടങ്ങി ആരോഗ്യ സംബന്ധിയായ വിഷയങ്ങളെക്കുറിച്ച് ശരിയായ അറിവ് വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കുന്നതിലൂടെ ശരിയായ ആരോഗ്യ ശീലങ്ങൾ സമൂഹത്തിൽ എത്തിക്കാൻ കഴിയും. വിഷയങ്ങളെക്കുറിച്ചുളള ‘റഫറൻസ് മൊഡ്യൂൾ’ ജില്ലാ ആരോഗ്യ വകുപ്പിലെ മാസ് മീഡിയാ വിഭാഗം തയ്യാറാക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വഴി അധ്യാപകർക്ക് നൽകുന്നതാണ്. ജില്ലാ മെഡിക്കൽ ഓഫീസ് മാസ് മീഡിയാ വിഭാഗത്തിന്റെ വരികൾക്ക് സംഗീതം നൽകി ആലപിച്ചത് അടൂർ എൻ.എസ്.എസ്.എച്ച്.എസ്.എസ് അധ്യാപിക ലാലി. ആർ. പിളളയാണ്. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിത കുമാരി, മാസ്സ് മീഡിയാ ഓഫീസർ സുജ.പി.എസ്, എഇഒ മധുസൂദനൻ, ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസർമാരായ അരുൺലാൽ.എസ്.വി, ചിത്ര.ഐ തുടങ്ങിയവർ പങ്കെടുത്തു.