കാസർഗോഡ്: വ്യാഴാഴ്ച മുതലുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍ തരംതിരിച്ചു. ജൂണ്‍ 17 മുതല്‍ 23വരെയുള്ള കണക്കുകളില്‍ രോഗസ്ഥിരീകരണ നിരക്ക് 24ശതമാനത്തിന് മുകളില്‍ ഉള്ളതിനാല്‍ മധൂര്‍, അജാനൂര്‍ പഞ്ചായത്തുകളെ കാറ്റഗറി ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16നും 24നും ഇടയിലുള്ള കാറ്റഗറി സിയില്‍ ചെങ്കള, ഉദുമ, പനത്തടി, കുമ്പഡാജെ, മൊഗ്രാല്‍ പുത്തൂര്‍, പള്ളിക്കര, മീഞ്ച ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നു. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടിനും 16നും ഇടയിലുള്ള കാറ്റഗറി ബിയില്‍ ചെമ്മനാട്, മുളിയാര്‍, കോടോം-ബേളൂര്‍, കാഞ്ഞങ്ങാട്, പുല്ലൂര്‍-പെരിയ, കുമ്പള, ബദിയടുക്ക, കയ്യൂര്‍-ചീമേനി, നീലേശ്വരം, പടന്ന, കള്ളാര്‍, ബേഡഡുക്ക, മഞ്ചേശ്വരം, ഈസ്റ്റ് എളേരി, ചെറുവത്തൂര്‍, പുത്തിഗെ എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.
ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടില്‍ കുറഞ്ഞ കാറ്റഗറി എയില്‍ കാസര്‍കോട്, മടിക്കൈ, ദേലംപാടി, പൈവളിഗെ, ബളാല്‍, കുറ്റിക്കോല്‍, പിലിക്കോട്, കിനാനൂര്‍ കരിന്തളം, വെസ്റ്റ് എളേരി, മംഗല്‍പാടി, ബെള്ളൂര്‍, തൃക്കരിപ്പൂര്‍, എണ്‍മകജെ, കാറഡുക്ക, വോര്‍ക്കാടി, വലിയ പറമ്പ് എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നു.
ഓരോ കാറ്റഗറിയിലും അനുവദനീയമായവ:
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനത്തില്‍ കൂടുതലുള്ളതിനാൽ കാറ്റഗറി ഡിയിൽ പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍, ശനിയും ഞായറും സംസ്ഥാനത്ത് മുഴുവന്‍ നടപ്പിലാക്കുന്ന തരം സമ്പൂര്‍ണ ലോക്ഡൗണാണ് നടപ്പാക്കുക.
കാറ്റഗറി സിയില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ അനുവദിക്കും. മറ്റു കടകള്‍ (വിവാഹാവശ്യത്തിന് ടെക്‌സ്‌റ്റൈല്‍സ്, ജ്വല്ലറി, ഫൂട്ട്വിയര്‍, വിദ്യാര്‍ഥികള്‍ക്ക് ബുക്ക്‌സ് ഷോപ്പ്, റിപ്പയര്‍ സര്‍വീസുകള്‍) വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സല്‍/ ഹോം ഡെലിവറി എന്നിവ മാത്രം. പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ 25 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം.
കാറ്റഗറി ബിയില്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പേറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. ശേഷിച്ചവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഡ്യൂട്ടി. അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും.
ബീവറേജസ് ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം.
എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.
അക്ഷയ കേന്ദ്രങ്ങളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പ്രവര്‍ത്തിക്കാം. പരസ്പര സമ്പര്‍ക്കമില്ലാത്ത ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. രാവിലെയും വൈകുന്നേരവുമുള്ള വ്യായാമങ്ങള്‍ സാമൂഹിക അകലം പാലിച്ച് അനുവദിക്കും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സല്‍/ ഹോം ഡെലിവറി എന്നിവ മാത്രം. വീടുകളില്‍ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും. ആരാധനാലയങ്ങളില്‍ പരമാവധി 15 പേരെ അനുവദിക്കും.കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം.
കാറ്റഗറി എയില്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. ശേഷിച്ചവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഡ്യൂട്ടി. എല്ലാ കടകളും (അക്ഷയ കേന്ദ്രങ്ങളുള്‍പ്പെടെ) 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും.
ഓട്ടോ, ടാക്‌സി പ്രവര്‍ത്തിക്കാം. ഡൈവര്‍ക്ക് പുറമെ ടാക്സികളില്‍ മൂന്ന് യാത്രക്കാരെയും ഓട്ടോകളില്‍ രണ്ട് യാത്രക്കാരെയും അനുവദിക്കും. കുടുംബാംഗങ്ങള്‍ ആണെങ്കില്‍ ഈ നിയന്ത്രണം ബാധകമല്ല. ബീവറേജസ് ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം.
പരസ്പര സമ്പര്‍ക്കമില്ലാത്ത ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പാഴ്സല്‍/ ഹോം ഡെലിവറി എന്നിവ മാത്രം. ഹോം ഡെലിവറി രാത്രി 9.30 വരെ. വീടുകളില്‍ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും. ആരാധനാലയങ്ങളില്‍ പരമാവധി 15 പേരെ അനുവദിക്കും.കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം.