മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജൂണ്‍ 25) 1,374 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അല്‍പ്പം വര്‍ധിച്ച് 14.06 ശതമാനത്തിലെത്തിയതായും അവര്‍ പറഞ്ഞു. 1,331 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 18 പേര്‍ക്ക് രോഗംബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 14 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 11 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 862 പേര്‍ കൂടി കോവിഡ് മുക്തരായതോടെ ജില്ലയില്‍ 3,17,231 പേരാണ് രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
29,806 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 11,352 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 689 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 237 പേരും 100 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 531 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,102 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.