സദ്യകളില്‍ ഇടംപിടിക്കാന്‍ ഇനി മുതല്‍ കുടുംബശ്രീ വക കെ ശ്രീ പപ്പടവും ഉണ്ടാകും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രണര്‍ഷിപ്പ് വില്ലേജ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി കയ്യൂര്‍ചീമേനി പഞ്ചായത്തിന് സമീപം ആരംഭിച്ച കെ ശ്രീ പപ്പട നിര്‍മ്മാണ യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് കെ പി വത്സലന്‍ ഉദ്ഘാടനം ചെയ്തു. പൊതു വിപണിയില്‍ ഗുണനിലവാരത്തോടെ എത്തുന്ന കെശ്രീ പപ്പടം 42 ദിവസത്തെ പരിശീലനം പൂര്‍ത്തീകരിച്ച് അഞ്ച് കുടുംബശ്രീ പ്രവര്‍ത്തകരാണ് ഉണ്ടാക്കുന്നത്.
എസ് വി ഇ പി പദ്ധതിയിലൂടെ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിരവധി സംരംഭങ്ങളാണ് നീലേശ്വരം ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പദ്ധതിയിലൂടെ 1200 സംരംഭങ്ങള്‍ക്കായി നാലു ശതമാനം പലിശയ്ക്ക് 2.45 കോടി രൂപയാണ് ബ്ലോക്കില്‍ വിതരണം ചെയ്തത്.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് എം ശാന്ത അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ ആദ്യ വില്പന നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അജിത് കുമാര്‍, സി യശോധ, ശശിധരന്‍, കുടുംബശ്രീ എ ഡി എം സി മാരായ ഡി ഹരിദാസന്‍ ഡി, ഇക്ബാല്‍, പഞ്ചായത്ത് സെക്രട്ടറി ടി എ കൃഷ്ണകുമാര്‍ , ഡി പി എം ഷീബ, എസ് വി ഇ പി മെന്റര്‍ എലിയമ്മ, സി ഡി എസ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സി ടി ശ്രീലത സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ കെ ഷീജ നന്ദി പറഞ്ഞു.