കൊല്ലം: കായികരംഗത്ത് സമഗ്രമായ വികസനത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കായിക മേഖലയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി താഴെ തലം മുതല്‍ പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് കായികതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കും. ആവശ്യമെങ്കില്‍ വിദേശത്തുനിന്ന് കായിക മേഖലയിലെ പ്രഗല്ഭരായ പരിശീലകരെ എത്തിക്കും.
ആദ്യഘട്ടമെന്ന നിലയില്‍ സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലുള്ള പരിശീലകരെ പരിശീലിപ്പിക്കും. അവര്‍ മുഖേന കായിക അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. പുതിയ കായിക നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി കായിക പ്രേമികള്‍, താരങ്ങള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരില്‍നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ജല കായികസാധ്യത കൂടുതലാണ്. ഇത് പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തടസങ്ങള്‍ നീക്കി ഒളിമ്പ്യന്‍ സുരേഷ് ബാബുവിന്റെ പേരിലുള്ള സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ഉടന്‍ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനായി ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം, സ്പോര്‍ട്സ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി. കൊല്ലത്തിന്റെ കായിക ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് മന്ത്രിക്ക് നിവേദനം നല്കി.
ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ നടന്ന ആലോചന യോഗത്തില്‍ ജില്ലയിലെ കായിക നയം രൂപികരിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ മന്ത്രിയുമായി പങ്കുവെച്ചു. എം.എല്‍.എ എം. നൗഷാദ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സികുട്ടന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.