കാസർഗോഡ്: ലോക സൂണോസിസ് ദിനത്തോടനുബന്ധിച്ച് ജില്ലയിൽ പേവിഷബാധ നിർമാർജനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത റാബീസ് ഫ്രീ കാസർകോട് പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവൻ വളർത്തു നായ്കൾക്കും പൂച്ചകൾക്കും പേവിഷബാധയ്ക്കെതിരെ കുത്തിവെപ്പും സർട്ടിഫിക്കറ്റും നൽകി 2021 ഡിസംബർ 31 ഓടെ ജില്ലയെ പേവിഷ ബാധമുക്തമാക്കാനുള്ള പദ്ധതിയാണിത്. പദ്ധതി പൊതുജനങ്ങൾ പരാമവധി പ്രയോജനപ്പെടുത്തണമെന്നും തൊട്ടടുത്ത മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് പേ വിഷബാധയെതിരെയുളള കുത്തിവയ്പ്പ് എടുപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഭ്യർഥിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. നാഗരാജ പി അധ്യക്ഷനായി. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി എം സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കാസർകോട് ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. കെ കെ രാജാറാം, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ കെ വി ഹരിദാസ്, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഡോ.പി പ്രശാന്ത് എന്നിവർ സംസാരിച്ചു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ എസ് രാജലക്ഷ്മി സ്വാഗതവും ജന്തുരോഗ നിവാരണ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഡോ. മഞ്ജു നന്ദിയും പറഞ്ഞു.
ബ്രേക്ക് ദ ചെയിൻ ഓഫ് റാബിസ് വൈറസ്
ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ആരോഗ്യ വകുപ്പിന്റേയും തദ്ദേശസ്വയംഭരണ വകുപ്പിന്റേയും സഹകരണത്തോടെയാണ് റാബീസ് ഫ്രീ കാസർകോട് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. പദ്ധതിക്ക് ആവശ്യമായ വാക്സിൻ മൃഗസംരക്ഷണ വകുപ്പ് ലഭ്യമാക്കും. ജില്ലയിലെ മുഴുവൻ വെറ്ററിനറി ഡിസ്പെൻസറി / ഹോസ്പിറ്റലുകൾ വഴി വളർത്തു നായ്കൾക്കും പൂച്ചകൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകി വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുകയും ചെയ്യും. നിലവിലെ സെൻസസ് രേഖകൾ പ്രകാരം ജില്ലയിൽ 31,000ലധികം വളർത്തുനായകൾ ഉണ്ട്. ഇവയിൽ 40 ശതമാനം മാത്രമാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ളത്. ശേഷിക്കുന്ന 60 തമാനത്തിനൊപ്പം പൂച്ചകൾക്കും വാക്സിനേഷൻ ലഭ്യമാക്കുന്നതിലൂടെ ബ്രേക്ക് ദ ചെയിൻ ഓഫ് റാബിസ് വൈറസ് എന്ന ആശയം പ്രാവർത്തികമാക്കുവാൻ ഒരു പരിധി വരെ സാധ്യമാകും. പദ്ധതി നടപ്പാക്കുന്നതിലൂടെ മനുഷ്യരിലും മറ്റു വളർത്തുമൃഗങ്ങളിലും പേവിഷബാധയേൽക്കുവാനുള്ള സാധ്യതകൾ ഗണ്യമായി ചുരുങ്ങും.
പദ്ധതിയുടെ മോണിറ്ററിങ്ങിനായി ജില്ലാ നേതൃത്വത്തിന് പുറമേ മൃഗസംരക്ഷണ വകുപ്പിലെ ഫീൽഡ് തല ഉദ്യോഗസ്ഥരേയും ആരോഗ്യവകുപ്പിലെ ആശാവർക്കർമാരേയും ഉപയോഗപ്പെടുത്തും. ഡിസീസ് സർവൈലൻസ്, ഡാറ്റാ ശേഖരണം, പാലിയേറ്റീവ് കെയർ എന്നിവയ്ക്കായി ഭവന സന്ദർശനത്തിനെത്തുമ്പോൾ ഓമന മൃഗങ്ങളുടെ പേവിഷബാധ പ്രതിരോധ കുത്തിവയ്പ് സർട്ടിഫിക്കറ്റ് പരിശോധിച്ച് സർട്ടിഫിക്കറ്റ് നേടാത്ത ഉടമയുടെ വിശദവിവരങ്ങളും വിശദീകരണവും പഞ്ചായത്ത് / മുൻസിപ്പാലിറ്റിക്ക് കൈമാറുന്നു. തുടർന്ന് വാർഡ് മെമ്പർമാർ / കൗൺസിലർമാർ തങ്ങളുടെ വാർഡിലെ മുഴുവൻ ഓമന മൃഗങ്ങൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും വാക്സിനേഷന് വിധേയമായ അരുമമൃഗങ്ങളുടേയും അവയുടെ ഉടമസ്ഥരുടേയും വിശദ വിവരങ്ങൾ അതാതു വെറ്റിറിനറി ഡിസ്പെൻസറി/ ആശുപത്രിയിൽ സൂക്ഷിക്കും.കൂടാതെ ഓരോ ദിവസവും അതാത് പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിൽ പ്രതിരോധ കുത്തിവെപ്പിന് വിധേയമായ ഓമന മൃഗങ്ങളുടെ എണ്ണം അനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്ടിന്റെ ഒരു റിയൽ ടൈം സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യുന്നു. പേവിഷ പ്രതിരോധ വാക്സിൻ ലഭ്യത, കോൾഡ് ചെയിൻ നിലനിർത്തൽ എന്നിവ എ ഡി സി പി ജില്ലാ കോ ഓർഡിനേറ്റർ മോണിറ്റർ ചെയ്യുന്നു. നാല് മാസ കാലയളവുകൊണ്ട് പദ്ധതി വിജയകരമാക്കുവാനാണ് ലക്ഷ്യമിടുന്നത്.