കോവിഡ് 19 വ്യാപനം തടയുന്നതിനൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ജനകീയ സഹകരണത്തോടെ ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ച ‘പ്രാണവായു’ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യും കൈക്കോര്‍ക്കുന്നു. ആശുപത്രികളില്‍ ഐ.സി.യു കോട്ട് യൂണിറ്റ് വാങ്ങുന്നതിന് 11,20,000 രൂപയാണ് ബാങ്ക് കൈമാറുന്നതെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന് അറിയിച്ചു. എസ്.ബി.ഐ കോഴിക്കോട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്ക് വേണ്ടി എസ്.ബി.ഐ മലപ്പുറം റീജിയനല്‍ മാനേജര്‍ മിനിമോള്‍ ഇതു സംബന്ധിച്ച കത്ത് ജില്ലാകലക്ടര്‍ക്ക് കൈമാറി.
പ്രാണവായു പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കുന്നത്. ഓക്സിജന്‍ ജനറേറ്ററുകള്‍, ക്രയോജനിക്ക് ഓക്സിജന്‍ ടാങ്ക്, ഐ.സി.യു ബെഡുകള്‍, ഓക്സിജന്‍ കോണ്സന്റെറേറ്റര്, ആര്.ടി.പി.സി.ആര് മെഷീന്‍സ്, മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ഡി ടൈപ്പ് ഓക്സിജന്‍ സിലണ്ടറുകള്‍, സെന്റര്‍ ഓക്സിജന്‍ പൈപ്പ് ലൈന്‍, ബയോസേഫ്റ്റി കാബിനറ്റ് എന്നിവയാണ് പദ്ധതിയിലേക്ക് വേണ്ടി വരുന്ന ഉപകരണങ്ങള്‍. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിച്ചാണ് ആവശ്യമായ ഉപകരണങ്ങളുടെ ലിസറ്റ് തയ്യാറാക്കിയിരിക്കുന്നത്.
പദ്ധതി ആവിഷ്ക്കരിക്കുന്നതിന് മുന്‍പ് തന്നെ പലരും സഹായഹസ്തവുമായി മുന്നോട്ടു വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രാണവായു പദ്ധതി ആവിഷ്ക്കരിച്ചത്. കോവിഡിന്റെ മൂന്നാം തരംഗ സാധ്യത മുന്നില്‍ കണ്ട് ഭൂരിഭാഗം സാധാരണക്കാരും ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സ്വയം സന്നദ്ധരായി മുന്നോട്ട് വരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സംരംഭകര്‍, വ്യവസായ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വിവിധ ട്രേഡ് യൂണിയനുകള്‍, ചാരിറ്റി സംഘടനകള്‍, വിദേശ രാജ്യങ്ങളിലെ ചാരിറ്റി സംഘടനകള്‍ എന്നിവരില്‍ നിന്നാണ് സഹായം സ്വീകരിക്കുന്നത്. യാതൊരു തരത്തിലുള്ള സമര്‍ദ്ദമോ അടിച്ചേല്‍പ്പിക്കലോ പദ്ധതി നടപ്പാക്കുന്നതില്‍ ഇല്ലെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. പദ്ധതിയിലേക്ക് താത്പര്യമുള്ള ആര്‍ക്കും സാമ്പത്തികമായോ ഉപകരണങ്ങളായോ സഹായം നല്‍കാം.