മലപ്പുറം:  പൊതുവിപണിയിലെ ക്രമക്കേടുകള്‍ കണ്ടെത്തി നടപടിയെടുക്കുന്നതിനായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ  നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് വടക്കുംമുറി, പാണായി, ഇരുമ്പുഴി, പെരിമ്പലം, നറുകര, പുല്ലാര, പട്ടര്‍കുളം, വീമ്പൂര്‍, മഞ്ചേരി എന്നിവിടങ്ങളിലെ ഏഴ് റേഷന്‍ കടകളടക്കം  12 വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ചു.  മൂന്ന് റേഷന്‍ കടകളില്‍ ക്രമക്കേട് കണ്ടെത്തി നടപടി സ്വീകരിച്ചു.  റേഷന്‍ കടകളില്‍  മെയ് മാസത്തെ വിതരണത്തിനുള്ള കിറ്റുകളുടെ ലഭ്യത  ഉറപ്പു വരുത്തി.  റേഷന്‍ കടകളില്‍  സാമൂഹിക അകലം പാലിക്കാന്‍  കര്‍ശന നിര്‍ദേശം നല്‍കി.  പൊതുവിപണി പരിശോധനയില്‍ വിലവിവരം പ്രദര്‍ശിപ്പിക്കാത്തതിന്   രണ്ടു കടക്കെതിരെ നടപടിയെടുത്തു.

മെഡിക്കല്‍ ഷോപ്പുകളില്‍ പരിശോധന നടത്തി സാനിറ്റൈസറുകളുടെയും, മാസ്‌ക്കിന്റെയും വിലനിലവാരം ഉറപ്പുവരുത്തി.  നറുകര, മഞ്ചേരി എന്നവിടങ്ങളിലെ അക്ഷയകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് റേഷന്‍ കാര്‍ഡ് സംബന്ധമായ സേവനങ്ങള്‍ക്ക് ഈടാക്കാവുന്ന നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി.  ചില അക്ഷയ കേന്ദ്രങ്ങള്‍ അമിത തുക ഈടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.  മഞ്ചേരിയിലെ കിറ്റ് പാക്കിങ് സെന്റര്‍ സംഘം പരിശോധിച്ച് പാക്കിങ് സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തി. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ. വിനോദ്കുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടറായ കെ.പി. അബ്ദുനാസര്‍,  ജീവനക്കാരനായ രഞ്ജിത്ത്  എന്നിവര്‍ പങ്കെടുത്തു.  വരും ദിവസങ്ങളില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.