പഴകിയ പഴവർഗങ്ങൾ വിൽപനയ്ക്ക് വെച്ചത് കണ്ടെത്തിയതിനെ തുടർന്ന് മൂന്നുപീടികയിൽ പഴവർഗ മൊത്ത വ്യാപാര സ്ഥാപനം അധികൃതർ അടച്ചു പൂട്ടി. കോവിഡ് നിയന്ത്രണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള പരിശോധനയിലാണ് മൂന്നുപീടിക ജംങ്ഷനിൽ പഞ്ചായത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മലിനമായ സാഹചര്യത്തിൽ
അഴുകിയ മാമ്പഴം, പഴം, മറ്റു പഴവർഗങ്ങൾ എന്നിവ അലക്ഷ്യമായി കൂട്ടിയിട്ടത് കണ്ടെത്തിയത്. ചീഞ്ഞളിഞ്ഞ് ദുർഗന്ധം വരുന്ന രീതിയിലായിരുന്നു ഇവ കൂട്ടിയിട്ടിരുന്നത്. ഇതോടെ സ്ഥാപനം അടച്ചുപൂട്ടി നോട്ടീസ് നൽകുകയായിരുന്നു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാബു, ഹെൽത്ത് ഇൻസ്പെക്ടർ എം എം സക്കീർ, സെക്ടറൽ മജിസ്ട്രേറ്റ് മാഹിർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ച പഞ്ചായത്തു മേഖലയിൽ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
