സ്ത്രീധനത്തിനെതിരെ സമൂഹത്തെ അണിനിരത്താനും ബോധവത്കരിക്കാനുമായി വനിതാ-ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ‘കനല്‍’ പരിപാടിക്ക് ജില്ലയിലും തുടക്കമായി. സ്ത്രീസുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച അവബോധം പകരുക, ഗാര്‍ഹിക-സ്ത്രീപീഢനത്തിനെതിരെ ശാക്തീകരണം, നിയമസഹായം ലഭ്യമാക്കുക, കൗണ്‍സലിംഗ് എന്നിവയാണ് കര്‍മ്മപരിപാടിയിലുള്ളത്. ഇതിന്റെ ഭാഗമായ പോസ്റ്റര്‍ പ്രചാരണത്തിന് തുടക്കമായി.

എ.ഡി.എം എന്‍.സാജിതാ ബീഗം കലക്‌ട്രേറ്റില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാ-ശിശുവികസന ജില്ലാ ഓഫീസര്‍ എസ്. ഗീതാകുമാരി, സ്ത്രീ സുരക്ഷാ ഓഫീസര്‍ ആര്‍.എസ്. ശ്രീലത, പ്രോഗ്രാം ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, ശിശുസംരക്ഷണ ഓഫീസര്‍ പ്രസന്ന കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

വരും ദിവസങ്ങളില്‍ പോസ്റ്റര്‍ പ്രചാരണത്തോടൊപ്പം സ്‌കൂള്‍-കോളജ്തല ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വനിതാ-ശിശുവികസന ഓഫീസര്‍ അറിയിച്ചു.