ഇടുക്കി: കഴിഞ്ഞ കുറേ നാളുകളായി കാട്ടാനയുടെ ശല്യം രൂക്ഷമായ അടിമാലി കാഞ്ഞിരവേലി ദേവികുളം എംഎല്‍എ എ രാജ സന്ദര്‍ശിച്ചു. കാട്ടാനക്കൂട്ടം മേഖലയിലെ കര്‍ഷകരുടെ കൃഷികള്‍ വ്യാപകമായി നശിപ്പിച്ച് വരികയാണ്. കമുക്, വാഴ, ഏലം, റബ്ബര്‍ മരങ്ങള്‍, കപ്പ, ഇഞ്ചി തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ കൃഷി നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ളത്. മഴ കൂടി കനത്തതോടെ പ്രദേശവാസികള്‍ പ്രതിസന്ധിയിലാണ്.

വിഷയം നിയമസഭയില്‍ സബ്മിഷനായി സമര്‍പ്പിച്ച് ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു. ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ചാണ്ടി പി അലക്സാണ്ടര്‍, അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കൃഷ്ണമൂര്‍ത്തി, പഞ്ചായത്ത് അംഗം രേഖ രാധാകൃഷ്ണന്‍ എന്നിവരും എംഎല്‍എ യ്‌ക്കൊപ്പമുണ്ടായിരുന്നു.