കൊച്ചി: ഓണത്തോടനുബന്ധിച്ച് പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പാലിലെ മായം കലര്‍ത്തുന്നത് കണ്ടെത്തുന്നതിനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പുമായി കൈകോര്‍ത്തുകൊണ്ട് ക്ഷീര വികസന വകുപ്പ് സൗജന്യമായി പാല് പരിശോധന സംഘടിപ്പിക്കുന്നു.
കാക്കനാട് സിവില്‍ സ്റ്റേഷനിലെ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന വകുപ്പിന്റെ ജില്ലാ ക്വാളിറ്റി കണ്ട്രോള് ലബോറട്ടറിയിലാണ് വിപണിയിലെ പാല് സാമ്പിളുകള്‍ പരിശേധനാ വിധേയമാക്കുന്നത്. പാലിലെ കൊഴുപ്പ്, കൊഴുപ്പിതര ഘരപദാര്ത്ഥങ്ങള്, അമ്ലതമായ പദാര്‍ത്ഥങ്ങളായി ചേര്‍ക്കപ്പെടുവാന്‍ സാധ്യതയുളള ന്യൂട്രലൈസറുകള്‍, പ്രിസര്‍വേറ്റീവുകള്‍, പാലിലെ ആന്റിബയോട്ടിക് സാന്നിദ്ധ്യം, പൂപ്പല്‍ബാധ എന്നിവയാണ് പരിശോധനാ വിധേയമാക്കുന്നത്.
വിപണിയില്‍ ലഭ്യമാകുന്ന പാല് സാമ്പിളുകള്‍ക്ക് പുറമെ, ഉപഭോക്താക്കള്‍ കൊണ്ടുവരുന്ന പാലും സൗജന്യമായി പരിശോധിച്ച് നല്‍കുന്നതായിരിക്കും ആഗസ്റ്റ് 16 മുതല്‍ 20 വരെയാണ് ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെയുളള സമയം ജനങ്ങള്‍ക്ക് പാല് പരിശോധനയ്ക്കായി പ്രയോജനപ്പെടുത്താവുന്നതാണ്. എറണാകുളം ജില്ലാ ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ ബെറ്റി ജോഷ്വക്കാണ് പരിശോധനയുടെ പൂര്‍ണ ചുമതലയെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.